തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സി.പി.എം പ്രവർത്തകരായ നിട്ടൂർ ഇല്ലിക്കുന്നിലെ ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരി ഭർത്താവ് പൂവനാഴി ഷമീർ (40) എന്നിവരെ കുത്തിക്കൊന്ന കേസിൽ മൂന്ന് പ്രതികളുടെ ജാമ്യഹരജിയിൽ ജില്ല സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.
അഞ്ചുമുതൽ ഏഴുവരെ പ്രതികളായ പിണറായി പടന്നക്കരയിലെ വാഴയിൽ ഹൗസിൽ സുജിത്കുമാർ (45), വടക്കുമ്പാട് പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ (38), പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരാണ് ജാമ്യഹരജി നൽകിയത്. വെള്ളിയാഴ്ച കോടതി വിധിപറയും.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരായി. നവംബർ 23ന് വൈകീട്ട് തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ലഹരിമാഫിയ സംഘം ഖാലിദിനെയും ഷമീറിനെയും കുത്തിക്കൊന്നത്.
നിട്ടൂർ ചിറക്കക്കാവ് വെള്ളാടത്ത് ഹൗസിൽ സുരേഷ്ബാബു എന്ന പാറായി ബാബു ഉൾപ്പെടെ ഏഴുപേരാണ് പ്രതികൾ. പാറായി ബാബുവാണ് രണ്ടുപേരെയും കുത്തിയത്. ഖാലിദ് തലശ്ശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.