തലശ്ശേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്ന സംഭവത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം. ഇതേ തുടർന്ന് ചൊവ്വാഴ്ച നടന്ന യോഗം ബഹളമയമായി. മുസ്ലിം ലീഗിലെ ഫൈസൽ പുനത്തിലാണ് തെരുവ് നായ വിഷയം ഉന്നയിച്ചത്. ചെയർപേഴ്സൻ കെ.എം. ജമുനാറാണി മറുപടി പറയുന്നതിനിടയിൽ സി.പി.എം അംഗം സി. ഗോപാലൻ ഇടപ്പെട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചെയർപേഴ്സന്റെ മറുപടി പരിഹാസരൂപത്തിലാണെന്ന് പറഞ്ഞ് പ്രതിപക്ഷാംഗങ്ങൾ പിന്നെയും ബഹളം വെച്ചു. തെരുവ് നായ പ്രശ്നം എല്ലാവർക്കും ഒന്നിച്ച് ഇരുന്ന് ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് ചെയർപേഴ്സൻ പറഞ്ഞതോടെ ബഹളം അവസാനിക്കുകയായിരുന്നു.
ജനറൽ ആശുപത്രി റോഡിന്റെയും എം.ജി റോഡിന്റെയും നവീകരണം പ്രവൃത്തി പൂർത്തിയാക്കാത്തതിലും പ്രതിപക്ഷം വിമശനം ഉന്നയിച്ചു. ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ പിടിപ്പുകേടാണ് നിർമാണം നീണ്ടതെന്ന് ചെയർപേഴ്സൻ പറഞ്ഞു. എത്രയും പെട്ടെന്ന് കാര്യത്തിൽ ഇടപെടാൻ ആവിശ്വപ്പെട്ടിട്ടുണ്ടെന്ന് യോഗത്തെ അറിയിച്ചു.
തലശ്ശേരി ഗുണ്ടർട്ട് റോഡിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ നടപ്പാതയിൽ അപകടാവസ്ഥയിലായ സ്ലാബ്, കൈവരികൾ എന്നിവ പരിശോധിച്ച് നടപടി ഉണ്ടാക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിലെ കുഴികൾ വാഹനാപകടങ്ങൾ വരുത്തുന്നതായി ബി.ജെ.പി അംഗം കെ. അജേഷ് പറഞ്ഞു. തീരദേശത്തെ പുറമ്പോക്കിൽ താമസിക്കുന്നവരുടെ വീടുകൾക്ക് നമ്പർ ലഭിച്ചില്ലെന്ന് അജേഷ് ചൂണ്ടിക്കാട്ടി. സ്ക്വാഡ് രൂപവത്കരിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.
നിലാവ് പദ്ധതി പ്രകാരം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ലൈറ്റുകൾ പ്രകാശിക്കുന്നില്ലെന്ന് മുസ്ലിം ലീഗിലെ കെ.പി. അൻസാരി ആരോപിച്ചു. വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു. നഗരസഭയുടെ വാഹനം മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷം ആരോപിച്ചു. ആരോപണം പരിശോധിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. ടി.വി. റാഷിദ, എൻ. മോഹനൻ, ടി.പി. ഷാനവാസ്, കെ.പി. പ്രശാന്ത്, സി. സോമൻ, കെ. ഭാർഗവൻ, അഡ്വ. കെ.എം. ശ്രീശൻ, കെ.വി. വിജേഷ്, അഡ്വ. മിലിചന്ദ്ര, പി.കെ. സോന, വി. മജ്മ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.