തലശ്ശേരി: പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ദിവസങ്ങളോളം കുത്തിയൊലിച്ചിട്ടും അധികൃതർക്ക് നിസ്സംഗത. ചിറക്കര മാഹിനലി സാഹിബ് റോഡിലാണ്, വേനൽചൂടിൽ നാടും നഗരവും കുടിവെള്ളത്തിനായി പരക്കംപായുമ്പോൾ ഈ ദുരിതക്കാഴ്ച. ഡോ. ഇ.വി. അസീസിന്റെ വീടുമുതൽ ഗവ. അയ്യലത്ത് യു.പി സ്കൂൾ വരെ റോഡിലൂടെ വെള്ളം കുത്തിയൊലിക്കുകയാണ്. മൂന്നാഴ്ചയായി ഈ നില തുടരുകയാണ്. വാട്ടർ അതോറിറ്റിക്കാരെ പലതവണ വിവരം അറിയിച്ചിട്ടും ഇവിടം തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരാതി.
ദേശീയപാതയിലടക്കം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന അവസ്ഥയുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴാവുന്നത്. എന്നാൽ, അറ്റകുറ്റപ്പണി നടത്താൻ ബാധ്യതപ്പെട്ട വാട്ടർ അതോറിറ്റി വിഭാഗം അധികൃതർ പലപ്പോഴും നോക്കുകുത്തിയായി മാറുകയാണ്. അറ്റകുറ്റപ്പണിക്ക് സ്ഥിരം തൊഴിലാളികൾ ഇല്ലെന്ന പതിവു മറുപടിയാണ് അവർക്ക് പറയാനുള്ളത്.
പൈപ്പ് പൊട്ടുന്നത് റോഡ് തകർച്ചക്കും വഴിയൊരുക്കുകയാണ്. ദേശീയപാതയിലടക്കം നേരത്തെ പൈപ്പ് പൊട്ടി റോഡ് തകർന്ന സംഭവങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.