തലശ്ശേരി: സംഗമം റെയിൽവേ മേൽപാലം ശനിയാഴ്ച ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഒക്ടോബർ 17 മുതലാണ് മേൽപാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്.
ഒ.വി റോഡിൽ റെയിൽവേ മേൽപാലം തുടങ്ങുന്ന സംഗമം കവലയിലെ തകർന്ന ഇന്റർലോക്ക് മാറ്റുന്നതുൾപ്പെടെയുള്ള റോഡിന്റെ അറ്റകുറ്റ പ്രവൃത്തിക്കായാണ് റോഡ് അടച്ചിട്ടത്. ഈ മാസം 17നാണ് പാലം അടച്ചിട്ടത്.
സംഗമം കവലയിൽ ഇന്റർലോക്ക് കട്ടകൾ തകരുകയും വലിയ കുഴികൾ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് റോഡിന്റെ അറ്റകുറ്റ പ്രവൃത്തി പി.ഡബ്ല്യു.ഡി ആരംഭിച്ചത്.
പുതിയ ഇന്റർലോക്ക് കട്ടകൾ പാകുകയും ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള ബസ് സ്റ്റോപ്പ് ജങ്ഷനിൽ നിന്നും മാറ്റി 10 മീറ്റർ അകലെയായി സ്ഥാപിച്ചിട്ടുണ്ട് . തലശ്ശേരി ഭാഗത്തേക്ക് വരുന്ന ബസുകളുടെ സ്റ്റോപ്പിൽ മാറ്റമില്ല.
നടപ്പാത മുമ്പുള്ളതിനേക്കാൾ നീട്ടിയിട്ടുണ്ട്. തലശ്ശേരിയിലേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗത്താണ് നടപ്പാത നീട്ടിയത്. പുതിയ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. മേൽപാലം തുറന്നുകൊടുക്കുന്നതോടെ കഴിഞ്ഞ ഒമ്പത് ദിവസമായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.