തലശ്ശേരി: നവീകരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയൽ നഗരസഭ സ്റ്റേഡിയം 19ന് വൈകീട്ട് അഞ്ചിന് സ്പീക്കർ എ.എൻ. ഷംസീർ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കും. ഇതോടനുബന്ധിച്ച് ഗോകുലം കേരളയും ലജന്റ് കേരളയും തമ്മിലുള്ള ഫുട്ബാൾ പ്രദർശന മത്സരവും സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ചെയർപേഴ്സനും സ്പോർട്സ് കേരള ഡയറക്ടർ പ്രേംകുമാർ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
ഒന്നര നൂറ്റാണ്ടിലേറെ കായിക പാരമ്പര്യമുള്ള തലശ്ശേരി നഗരസഭ സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് വിട്ടുകൊടുക്കരുതെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സ്റ്റേഡിയം തലശ്ശേരി നഗരസഭയുടേതായി നിലനിർത്തണമെന്ന് യോഗത്തിൽ സംബന്ധിച്ച ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്പോർട്സ് സംഘടന ഭാരവാഹികൾ, നഗരസഭ അധികൃതർ, കൗൺസിലർമാർ, കായികപ്രേമികൾ എന്നിവർ പങ്കെടുത്തു. നിർദേശങ്ങൾ സർക്കാറിനെ അറിയിക്കാമെന്നും സ്റ്റേഡിയം ഉദ്ഘാടനശേഷം വിശദമായി ചർച്ചചെയ്ത് തീരുമാനത്തിലെത്താമെന്നും ധാരണയായി. നഗരസഭ ചെയർപേഴ്സൻ കെ.എം.
ജമുനാറാണി ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, സ്പോർട്സ് കേരള ചീഫ് ഓപറേറ്റിങ് ഓഫിസർ അരുൺ കെ. നാനു, കെ.എ. ലത്തീഫ്, എം.പി. അരവിന്ദാക്ഷന്‍, സി.ടി. സജിത്ത്, പി.വി. സിറാജുദ്ദീൻ, എം.പി. സുമേഷ്, എസ്.ടി. ജയ്സൺ, കെ.വി. ഗോകുൽദാസ് എന്നിവർ സംസാരിച്ചു. സ്പോർട്സ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ രാധിക സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.