തലശ്ശേരി: ഗാരേജിൽ നിർത്തിയിട്ട ഇന്നോവ കാറും സി.സി.ടി.വിയും മോഷണം പോയി. എരഞ്ഞോളി പാലത്തിനടുത്ത ആർ.ജെ ഓട്ടോ ഗാരേജിലാണ് മോഷണം. പ്രവാസിയായ ചമ്പാട് സ്വദേശി മിഷാദിന്റെ കെ.എൽ 45 വി 4836 നമ്പർ ഇന്നോവയാണ് മോഷ്ടിക്കപ്പെട്ടത്. പെയിന്റിങ് ഉൾപ്പെടെ അറ്റകുറ്റപ്പണി തീർത്തതിന് ശേഷം ഗാരേജിൽ സൂക്ഷിച്ചതായിരുന്നു വാഹനം. മിഷാദിന്റെ സുഹൃത്താണ് കാർ ഗാരേജിൽ ഏൽപ്പിചത്.
എരഞ്ഞോളി ചോനാടത്തെ രശ്മി നിവാസിൽ രവീന്ദ്രന്റേതാണ് ഗാരേജ്. വ്യാഴാഴ്ച രാത്രി ജോലിക്ക് ശേഷം ഗാരേജ് പൂട്ടി ഇയാൾ വീട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ ഗാരേജ് തുറന്നപ്പോഴാണ് പിൻവശം വടക്ക് ഭാഗത്തെ ചുമർ കുത്തിത്തുറന്നതും നിർത്തിയിട്ട സ്ഥാനത്ത് ഇന്നോവ കാണാതായതും ശ്രദ്ധയിൽപെട്ടതെന്ന് രവീന്ദ്രൻ പറഞ്ഞു.
ഗാരേജിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയും ഡി.വി.ആറും മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയിരുന്നു. ഇന്നോവക്ക് മാത്രം 10 ലക്ഷം രൂപ വില വരും. തലശ്ശേരി മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഗാരേജ് കുത്തിത്തുറന്ന് വാഹനം കളവുപോയ സംഭവമെന്നറിയുന്നു. പരാതിയെ തുടർന്ന് തലശ്ശേരി പൊലീസെത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് പൊലീസ് നായും വിരലടയാള വിദഗ്ധരും ഗാരേജിലെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.