തലശ്ശേരി: ഓടുന്ന ബസിൽ സീറ്റിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടൽ രക്ഷയായി. പൊയിലൂർ സ്വദേശിനി ഫാത്തിമയാണ് (30) കുഴഞ്ഞുവീണത്. തലശ്ശേരി-വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസിലാണ് സംഭവം. രണ്ടു മക്കളുമൊത്ത് തലശ്ശേരി ബസ് സ്റ്റാൻഡിൽനിന്നാണ് ഫാത്തിമയും മക്കളും കയറിയത്. ഡ്രൈവർ കാബിനടുത്ത പെട്ടിസീറ്റിലാണ് ഇരുന്നത്. ബസിൽ കയറുമ്പോൾ തന്നെ യുവതി ഏറെ ക്ഷീണിതയായിരുന്നു.
ബസ് നീങ്ങിത്തുടങ്ങിയതോടെ ഡാഷ് ബോർഡിൽ തല ചായ്ച്ചു. ഇതിനിടെ, ടിക്കറ്റ് നൽകാനായി കണ്ടക്ടർ നിജിൽ മനോഹരൻ അടുത്തെത്തി യുവതിയെ തൊട്ടുവിളിപ്പോൾ ബോധമറ്റ നിലയിലായിരുന്നു.
കൈകൾ എടുത്തുയർത്തിയതോടെ വശം ചരിഞ്ഞുവീണു. ഈ സമയം ബസ് മഞ്ഞോടി കവലയിലെത്തിയിരുന്നു. അപകടം മണത്ത കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചു. ബസ് ഉടൻ തൊട്ടടുത്ത ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വിടാൻ നിർദേശിച്ചു.
യുവതിയെ നിജിൽ താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തിലേക്കോടി. തക്കസമയത്ത് വൈദ്യസഹായം കിട്ടിയതോടെ ഫാത്തിമക്ക് ബോധം തിരിച്ചുകിട്ടി. ആയില്യം ബസിലെ ഡ്രൈവർ കം കണ്ടക്ടറാണ് നിടുമ്പ്രം സ്വദേശിയായ നിജിൽ മനോഹരൻ. ഡ്രൈവർ യദുകൃഷ്ണൻ, ക്ലീനർ ഷിനോജ് എന്നിവരായിരുന്നു ഒപ്പമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.