തലശ്ശേരി: നന്നാക്കുന്തോറും ഈ ക്ലോക്ക് ടവറിലെ സമയം യാത്രക്കാരെ വട്ടംകറക്കുകയാണ്. നഗരത്തിന് അലങ്കാരമായിരുന്നു പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻകൈയെടുത്ത് സ്ഥാപിച്ച ക്ലോക്ക് ടവർ.
നഗരസഭയുടെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ക്ലോക്ക് ടവർ സ്ഥാപിച്ചത്. ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയാണ് ക്ലോക്ക് ടവർ ഉദ്ഘാടനം നിർവഹിച്ചത്. നാല് ഭാഗത്ത് നിന്നും സമയം വീക്ഷിക്കാവുന്ന തരത്തിൽ നാല് ക്ലോക്കുകളാണ് ടവറിലുള്ളത്. എന്നാൽ ക്ലോക്കുകൾ ഇടക്കിടെ പണിമുടക്കുന്നത് ടവർ സ്ഥാപിച്ചവർക്ക് തന്നെ പിന്നീട് പൊല്ലാപ്പായി മാറി.
ക്ലോക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ഐ.എം.എ ഭാരവാഹികൾക്ക് ഇപ്പോൾ ഒരു ബാധ്യതയായി മാറുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ടവറിലെ നിശ്ചലമായ ക്ലോക്കുകൾ അറ്റകുറ്റപ്പണി നടത്തി നേരെയാക്കിയത്. ടവറിലെ വെളിച്ച സംവിധാനവും പുന:സ്ഥാപിച്ചു.
എന്നാൽ, മൂന്ന് മാസം കഴിയുമ്പോഴേക്കും ടവറിലെ ഒരു ക്ലോക്ക് രണ്ടു മണിക്കൂർ മുന്നോട്ടായാണ് ഇപ്പോൾ ഓടുന്നത്. ടവറിലെ ലൈറ്റുകളും നേരാംവണ്ണം പ്രകാശിക്കുന്നില്ല. ടവറിന്റെ താഴത്തെ ടൈലുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. നഗരസഭയുടെ 150-ാം വാർഷിക സ്മാരകമായി സ്ഥാപിച്ച ഈ ടവർ പരിപാലിക്കുന്നതിന് ഉത്തരവാദപ്പെട്ടവർ ഇപ്പോൾ വലിയ താൽപര്യമെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.