തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ശൗചാലയം അടച്ചിട്ടതിനാൽ യാത്രക്കാർ ദുരിതത്തിൽ. യാത്രക്കാർക്കുള്ള വിശ്രമമുറിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള മൂന്ന് ശൗചാലയമാണ് അടച്ചിട്ടത്. കക്കൂസ് ടാങ്ക് നിറഞ്ഞതിനാൽ കഴിഞ്ഞ നാല് ദിവസമായി ശൗചാലയം അടഞ്ഞുകിടക്കുകയാണ്. ടാങ്ക് വൃത്തിയാക്കി ശൗചാലയം എപ്പോൾ തുറക്കുമെന്ന് അധികൃതർക്ക് ഒരു നിശ്ചയവുമില്ല.
പ്രായമേറിയവരാണ് ശൗചാലയം ഇല്ലാത്തതിന്റെ ദുരിതമനുഭവിക്കുന്നത്. രണ്ടാം പ്ലാറ്റ്ഫോമിൽ ശൗചാലയം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ പ്രായമുള്ളവർക്ക് കയറിയിറങ്ങാൻ പ്രയാസമാണ്.
കൊട്ടിയൂർ ഉത്സവം നടക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നവർ നിരവധിയാണ്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ ട്രെയിൻ മാർഗം തലശ്ശേരി സ്റ്റേഷനിലെത്തിയാണ് കൊട്ടിയൂരിലേക്ക് പോകുന്നത്. തെക്കൻ ജില്ലകളിലുള്ളവർ ഒന്നാം പ്ലാറ്റ്ഫോമിലാണ് ഇറങ്ങേണ്ടത്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾക്കായി രണ്ടാം പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിലെത്തണം.
സമഗ്രവികസനം കൊതിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ നിലവിലെ അസൗകര്യം പരിഹരിക്കുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. റെയിൽവേ സ്റ്റേഷന്റെ വികസനം ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച തലശ്ശേരി വികസന വേദി നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചിരുന്നു.
വരുമാനത്തിൽ ഏറെ മുന്നിലുളള തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പല സംഘടനകളും അധികാരികളെ കണ്ട് പലതവണ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും വികസനം നീളുകയാണ്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.