തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഉസ്നാസ് ടവറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയവർ പിടിയിൽ. തൊട്ടിൽപാലം മൊയിലോത്തറയിലെ നാരയുള്ള പറമ്പത്ത് ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട് ഉദയനഗർ അരുപുരം കരക്കക്കുണ്ട് ഹൗസിൽ മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഉസ്നാസ് ടവറിലെ എം.ആർ.എ ബേക്കറി, സ്റ്റാൻഡ്വ്യൂ ഫാർമസി, ഷിഫ കലക്ഷൻസ്, മെട്രോ സിൽക്സ് എന്നിവിടങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയാണ് മോഷണം നടന്നത്.
രണ്ടര ലക്ഷത്തോളം രൂപയാണ് കവർന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൈവശം പണം കണ്ടത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാസംഘമാണെന്ന് തിരിച്ചറിഞ്ഞത്.
തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ വി.വി. ദീപ്തി, സി.പി.ഒമാരായ ഹിരൺ, ആകർഷ്, ശ്രീലാൽ എന്നിവരടങ്ങുന്ന സംഘം അന്വേഷണത്തിന്റെ ഭാഗമായി അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിന്റെ വിവിധ ഗ്രൂപ്പുകളിലും ദൃശ്യം ഷെയർ ചെയ്തിരുന്നു.
നിരവധി കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. എം.ആർ.എ ബേക്കറിയിൽ നിന്ന് 2,60,000 രൂപയും ഷിഫ കലക്ഷൻസിൽ നിന്ന് 7,000 രൂപയും സ്റ്റാൻഡ് വ്യൂ ഫാർമസിയിൽ നിന്ന് 10,000 രൂപയും നഷ്ടപ്പെട്ടെന്നാണ് പരാതി. പ്രതികളെ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.