തലശ്ശേരി: മോടിയോടെ പുതുക്കിപ്പണിത തിരുവങ്ങാട് വില്ലേജ് ഓഫിസ് തുറക്കാൻ ഒടുവിൽ സർക്കാർ പച്ചക്കൊടി കാണിച്ചു. പണി പൂർത്തിയായി എട്ടുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ഓഫിസ് പൊതുജനങ്ങൾക്കായി സമർപ്പിക്കാൻ സർക്കാർ കനിഞ്ഞത്. വെളളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി കെ. രാജൻ ഓഫിസ് ഉദ്ഘാടനം നിർവഹിക്കും. നവീകരണം കഴിഞ്ഞ് എട്ട് മാസമായിട്ടും ഓഫിസ് പ്രവർത്തനമാരംഭിക്കാൻ വൈകുന്നതിൽ തലശ്ശേരി വികസന സമിതി യോഗത്തിലും നഗരസഭ കൗൺസിൽ യോഗത്തിലും വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. തലശ്ശേരിയിലെ സി.പി.ഐ ആസ്ഥാനമായ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിന് തൊട്ടടുത്താണ് തിരുവങ്ങാട് വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
മന്ത്രിസഭയുടെ നവകേരള സദസ്സ് കഴിഞ്ഞിട്ടും വില്ലേജ് ഓഫിസ് ഉദ്ഘാടനം അനിശ്ചിതമായി നീളുകയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് പൊളിച്ചുമാറ്റി അതേസ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ചത്. 42 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പുതുക്കിപ്പണിതത്. കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങിയത് മുതൽ കീഴന്തിമുക്കിൽ ഡോ.എൻ. രാമറാവുവും കുടുംബവും താമസിച്ച പഴയ ഒരു വീട്ടിലാണ് ഒന്നരവർഷത്തിലേറെയായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.ശൗചാലയമടക്കം ആധുനിക സംവിധാനത്തിലാണ് പുതിയ ഓഫിസ് സജ്ജമാക്കിയിട്ടുള്ളത്. റെക്കോഡുകൾ സൂക്ഷിക്കാനുള്ള മുറി, ഡൈനിങ് ഹാൾ, പൊതുജനങ്ങൾക്കായി ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് ഇൻറർലോക്ക് വിരിച്ചു. പൂന്തോട്ടവും ഒരുക്കി. നാലര സെന്റ് ഭൂമിയിലുള്ള ഓഫിസിന് കോമ്പൗണ്ട് വാളും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസർക്ക് പുറമെ ഒരു സ്പെഷൽ ഓഫിസർ, രണ്ട് വില്ലേജ് അസിസ്റ്റന്റുമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരാണ് തിരുവങ്ങാട് വില്ലേജിൽ ജോലി ചെയ്യുന്നത്. ഒരു സ്വീപ്പറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.