തലശ്ശേരി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തലശ്ശേരി മത്സ്യ മാർക്കറ്റ് പരിസരത്ത് ലോറികളിൽ മത്സ്യവുമായി വന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 500 കിലോ ആവോലി മത്സ്യവുമായാണ് രണ്ട് മിനി ലോറികൾ മത്സ്യ മാർക്കറ്റിൽ എത്തിയത്. മംഗലാപുരത്തുനിന്നാണ് മത്സ്യം എത്തിച്ചത്.
സംഭവത്തിൽ മത്സ്യ കമീഷൻ ഏജൻറ് തലശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ, ഡ്രൈവർമാരായ തളിപ്പറമ്പ് സ്വദേശി സിയാദ്, പട്ടാമ്പി തൃത്താല സ്വദേശി കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് തലശ്ശേരി സി.ഐ ജി. ഗോപകുമാർ, എസ്.ഐ എ. അഷ്റഫ് എന്നിവരുടെ
നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മത്സ്യങ്ങൾ എരഞ്ഞോളിയിലെ ആഫ്റ്റർ കെയർ ഹോം, അനാഥ മന്ദിരം, സമൂഹ അടുക്കള എന്നിവിടങ്ങളിലേക്ക് നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തലശ്ശേരിയിലെ മൊത്ത -ചില്ലറ മത്സ്യ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങൾ ധർമടം, മുഴപ്പിലങ്ങാട്, മമ്പറം എന്നീ സ്ഥലങ്ങളിൽ മാത്രമാണ് ഇറക്കുന്നത്. പൊലീസി െൻറ കണ്ണുവെട്ടിച്ചാണ് തലശ്ശേരി മാർക്കറ്റിൽ മത്സ്യം ഇറക്കിയത്. രണ്ടു മിനി ലോറികളും കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ മൂന്നുപേരെയും ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.