തലശ്ശേരി: ജനുവരി 30 മുതൽ ഫെബ്രുവരി ഏഴ് വരെ ലഖ്നോവിൽ നടക്കുന്ന ബി.സി.സി.ഐ വനിത അണ്ടർ 23 ഏകദിന ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ കണ്ണൂർക്കാരായ സി.കെ. നന്ദനയും എസ്.ആർ. ഊർവശിയും. അണ്ടർ 19 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ താരം സി.എം.സി. നജ്ലയാണ് കേരള ക്യാപ്റ്റൻ.
30 ന് മഹാരാഷ്ട്രയുമായും ഫെബ്രുവരി ഒന്നിന് അസമുമായും മൂന്നിന് ഹിമാചൽ പ്രദേശുമായും അഞ്ചിന് മധ്യപ്രദേശുമായും ഏഴിന് ബിഹാറുമായും കേരളം ഏറ്റുമുട്ടും. പേരാവൂർ മണത്തണ സ്വദേശിയായ സി.കെ. നന്ദന ഇടം കൈയൻ ഓഫ് സ്പിന്നറാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മണത്തണ മടപ്പുരച്ചാൽ പടിഞ്ഞാറെ പുത്തലത്ത് ഹൗസിൽ പി.പി. സുരേഷ് ബാബു- കെ. റീന ദമ്പതികളുടെ മകളാണ്. വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ മൂന്നാം വർഷ കോമേഴ്സ് ബിരുദ വിദ്യാർഥിനിയാണ്.
ടോപ് ഓർഡർ ബാറ്ററായ എസ്.ആർ. ഊർവശി അണ്ടർ 15, 19 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തലശ്ശേരി ഹൈറൈസ് ഫ്ലാറ്റിൽ രാഹേഷ് കുമാറിന്റെയും എ.കെ. സജിതയുടേയും മകളാണ്. പതിനൊന്നാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.