തലശ്ശേരി: പൊന്ന്യം പാലം-മാക്കുനി റോഡ് നവീകരണത്തിനായി അടച്ചിട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. റോഡ് പൂർണമായും അടച്ചിട്ട് നിർമാണം തുടങ്ങിയിട്ട് നാലുമാസമായെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ഒക്ടോബർ 24ന് റോഡ് അടച്ചിടുമ്പോൾ രണ്ടു മാസത്തെ കാലയളവിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചത്. എന്നാൽ നാല് മാസമായിട്ടും നിർമാണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.
കതിരൂർ, കൂത്തുപറമ്പ്, കോപ്പാലം, തലശ്ശേരി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണിത്. നൂറുകണക്കിന് വീടുകൾ, സ്കൂൾ, മദ്റസ, മസ്ജിദ് ഉൾപ്പെടെ ഇവിടെയുണ്ട്. റോഡ് നിർമാണം നീളുന്നതിനാൽ യാത്രക്കാരും പരിസരവാസികളും ദുരിതമനുഭവിക്കുകയാണ്. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നതിനാൽ യാത്ര അനുദിനം അസഹനീയമാവുന്നു. വാഹനങ്ങൾ വീടുകളിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ കഴിയാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഇരു ചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത വിധം പഴുതടച്ചാണ് റോഡ് നിർമാണം. കലുങ്കുകളും ഓവുചാലുകളും നിർമിച്ച് റോഡ് ഉയർത്തുന്ന നിർമാണ പ്രവൃത്തിയാണ് നടക്കുന്നതെങ്കിലും പണി ഇഴഞ്ഞുനീങ്ങുന്നു.
ജല അതോറിറ്റിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്ന് എൻജിനീയർ അജിത്ത് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ഇരുവശത്തും ഓവുചാലുകൾ നിർമിച്ച് റോഡ് റീ ടാർ ചെയ്ത് തുറന്നു നൽകിയെങ്കിലും അശാസ്ത്രീയമായ നിർമാണം കാരണം അടുത്ത മഴയിൽ റോഡ് തകരുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തു. ഇതിനുള്ള പരിഹാരമെന്നോണമാണ് ഇപ്പോൾ വീണ്ടും നിർമാണം തുടങ്ങിയത്. നിർമാണ വേളയിൽ പൊടിപടലങ്ങളിൽനിന്ന് രക്ഷനേടാൻ രാവിലെയും വൈകീട്ടും റോഡിൽ വെള്ളം നനക്കണമെന്നും ആയിരക്കണക്കിന് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി മാറിയ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.