തലശ്ശേരി: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ അനുകൂലിച്ചും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ മോശക്കാരനായും ചിത്രീകരിച്ച് കെ.കെ. രമ എം.എൽ.എയുടെ ഒരു എഡിറ്റ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസ് സി.ഐക്ക് പരാതി.
തലശ്ശേരി നഗരസഭാംഗം ടി.സി. അബ്ദുൽ ഖിലാബിനെതിരെ മുസ്ലിം ലീഗ് ജില്ല നേതാവ് തലശ്ശേരിയിലെ അഡ്വ. കെ.എ. ലത്തീഫാണ് പരാതി നൽകിയത്. ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയാണ് കെ.കെ. രമ എം.എൽ.എ.
വോയ്സ് ഓഫ് തലശ്ശേരി എന്ന ഗ്രൂപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോക്ക് മുകളിൽ ഷാഫിയെയും തെമ്മാടിക്കൂട്ടങ്ങളെയും തള്ളി കെ.കെ. രമ എന്ന് കുറിപ്പുമുണ്ട്.
കെ.കെ. രമ എം.എൽ.എയും ഉമ തോമസ് എം.എൽ.എയും വടകരയിൽ കഴിഞ്ഞ ദിവസം ഒരു വാർത്തസമ്മേളനം നടത്തിയിരുന്നു. പ്രസ്തുത വാർത്തസമ്മേളനത്തിന്റെ വിഡിയോ ഷാഫി പറമ്പിലിനെ മോശക്കാരനായി ചിത്രീകരിക്കുന്ന രൂപത്തിൽ എഡിറ്റ് ചെയ്താണ് ഖിലാബ് വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതുവരെ സജീവമായി ഷാഫി പറമ്പിലിന് വേണ്ടി പ്രവർത്തിച്ച കെ.കെ.രമ എം.എൽ.എ ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞ് കെ.കെ. ശൈലജയെ സപ്പോർട്ട് ചെയ്യുന്ന വിഡിയോ ആർ.എം.പി - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥക്കിടയാക്കുകയും അതുവഴി സമൂഹത്തിലും നാട്ടിലും കലാപവും അസ്വസ്ഥതയും സൃഷ്ടിക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാഫി പറമ്പിലിന് അനുകൂലമായി വരുന്ന വോട്ടുകൾ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ഉദ്ദേശ്യം കൂടി ഈ പോസ്റ്റിനുപിന്നിലുണ്ട്.
സമൂഹത്തിൽ കലാപവും അസ്വസ്ഥതയും ഉണ്ടാക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്ന കരുതലോടും ഉദ്ദേശ്യത്തോടും കൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും സി.പി.എം നേതാവായ ടി.സി. അബ്ദുൽ ഖിലാബിനെതിരെ ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് നടപടി വേണമെന്നുമാണ് അഡ്വ.കെ.എ. ലത്തീഫ് നൽകിയ പരാതിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.