തലശ്ശേരി: സിംഗപ്പൂരിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുഴപ്പിലങ്ങാട് സ്വദേശിയിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കോയമ്പത്തൂരിലെ സഹോദരങ്ങൾക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. മുഴപ്പിലങ്ങാട്ടെ റിതിന്റെ പരാതിയിൽ കോയമ്പത്തൂർ ഗണപതി തെരുവിലെ രംഗസ്വാമിയുടെ മക്കളായ ഉദയശങ്കർ (35), പ്രദീപ് ശങ്കർ (32) എന്നിവർക്കെതിരെയാണ് വിശ്വാസ വഞ്ചനക്കുറ്റത്തിന് കേസെടുത്തത്.
സിംഗപ്പൂരിൽ റിഗ്ഗിലേക്ക് പ്രതിമാസം 60,000 രൂപ ശമ്പളം കിട്ടുന്ന ജോലി നൽകാമെന്നുപറഞ്ഞ് രണ്ടുലക്ഷം രൂപയാണ് 2019ൽ ഇരുവരും റിതിനിൽനിന്ന് കൈപ്പറ്റിയത്. നവ മാധ്യമങ്ങളിലൂടെയായിരുന്നു വിസ വിവരം പരസ്യപ്പെടുത്തിയിരുന്നത്.
കോയമ്പത്തൂരിൽ ഹാഡ്കോ ഇൻറർനാഷനൽ മാനേജ്മെൻറ് സർവിസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിൽ നേരിട്ട് എത്തി 50,000 രൂപയും പിന്നീട് അക്കൗണ്ട് വഴി ഒന്നര ലക്ഷം രൂപയുമാണ് റിതിൻ കൈമാറിയത്.
കോയമ്പത്തൂർ ഓഫിസിൽ ഓപറേറ്റിങ് മാനേജർ എന്ന് പറയുന്ന ജീവനക്കാരി യമുന ദേവിയും കേസിൽ പ്രതിയാണ്. സമാന തട്ടിപ്പിനിരയായവരുടെ പരാതികളിൽ തൃശൂരിലെ മാള, വളപട്ടണം സ്റ്റേഷനുകളിൽ ഉദയശങ്കറിന്റെയും പ്രദീപ് ശങ്കറിന്റെയും പേരിൽ കേസുണ്ട്.
തൃശൂർ കേസിൽ അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജയിലിലാണുള്ളത്. എടക്കാട് കേസിലും ഇവരെ ജയിലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.