തലശ്ശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ വിചാരണ ആരംഭിക്കും. തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഒക്ടോബർ 11 വരെ വിചാരണ തുടരും. ജില്ലയിൽ ഏറെ ഞെട്ടലുളവാക്കിയ കൊലയായിരുന്നു ഇത്.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തെളിവുകൾ നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ കൊലപാതകം നടന്ന വീടും പ്രതി കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ, മറ്റ് വസ്തുക്കൾ ഉപേക്ഷിച്ച സ്ഥലവും അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സി.ഐ എം.പി. ആസാദിനൊപ്പം കഴിഞ്ഞ ദിവസം സന്ദർശിച്ചു. അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വാദം കേൾക്കുന്നത്.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ, വിഷ്ണു പ്രിയയുടെ ആൺസുഹൃത്ത് ഉൾപ്പെടെ 73 സാക്ഷികൾ മൊഴി നൽകാനെത്തുമെന്ന് പ്രതീക്ഷിക്കുന്ന കേസിൽ കൊല നടന്ന് 90 ദിവസങ്ങൾക്കകം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിനോദന്റെ മകളാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ (23). 2022 ഒക്ടോബർ 22ന് ഉച്ചക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ വിഷ്ണുപ്രിയ കൊലചെയ്യപ്പെട്ടത്.
വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്താണ് (25) കേസിലെ പ്രതി. സംഭവത്തിനു ശേഷം പിടിയിലായ ഇയാൾ ജയിലിലാണ്. സംഭവദിവസം രാവിലെ വിഷ്ണുപ്രിയയും കുടുംബവും മരിച്ച അടുത്ത ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു. കുറച്ചു കഴിഞ്ഞ് വിഷ്ണുപ്രിയ മാത്രം തിരികെ സ്വന്തം വീട്ടിലെത്തി.
ഈ സമയം മറ്റൊരു ആൺസുഹൃത്തായിരുന്ന പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കാൾ വഴി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ എത്തിയ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുപ്രിയ. ബന്ധുവായ കല്യാണി നിലയത്തിൽ കെ. വിജയന്റെ പരാതിയിലാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. ഇദ്ദേഹമാണ് കേസിൽ ഒന്നാം സാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.