തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് പാറക്കെട്ട്, പന്ന്യോട് പ്രദേശത്ത് വീണ്ടും കാട്ടുപന്നി ശല്യം. നാല് വയസ്സുകാരൻ ഉൾപ്പെടെ പ്രദേശത്തെ അഞ്ചുപേർ ശനിയാഴ്ച രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി.
വീട് കയറിയുള്ള പന്നിയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. ആശാവർക്കർമാരായ വടക്കുമ്പാട് കൂളി ബസാറിലെ പറമ്പത്ത് വീട്ടിൽ ഉജല (54), വടക്കുമ്പാട് പുലിമുക്കിലെ ഇല്ലത്ത് വീട്ടിൽ ജാനകി (58), മകൾ ഐശ്വര്യ (26), ഐശ്വര്യയുടെ മകൻ അദ് വിക് (നാല്), കൂളി ബസാറിലെ കുഞ്ഞിപ്പറമ്പത്ത് ഷബാന (43) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കാലുകൾക്കും നടുവിനുമാണ് സ്ത്രീകൾക്ക് പരിക്ക്. ആക്രമണത്തിൽ ഉജലയുടെ വീടിന്റെ പിൻവശത്തെ വാതിൽ തകർന്നു. പാറക്കെട്ടിലെ 14, 15 വാർഡുകളിലാണ് ശനിയാഴ്ച കാട്ടുപന്നി ശല്യമുണ്ടായത്. ഇതിന് മുമ്പും കാട്ടുപന്നികളുടെ നിരന്തര ശല്യമുണ്ടായതായും നിരവധി കാർഷിക വിളകൾ നശിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു.
ആക്രമണകാരികളായ പന്നികളെ വെടിവെച്ച് കൊന്നൊടുക്കിയെങ്കിലും പ്രദേശത്ത് രാപകൽ ഭേദമില്ലാതെ കാട്ടുപന്നികൾ വിഹരിക്കുകയാണ്. പന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.