തലശ്ശേരി: ജനവാസമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാവുന്നു. തലശ്ശേരി നഗരസഭ പരിധിയിലും സമീപത്തെ പഞ്ചായത്ത് പ്രദേശങ്ങളിലും കാട്ടുപന്നികൾ യഥേഷ്ടം വിഹരിക്കുകയാണ്. എരഞ്ഞോളി പഞ്ചായത്തിലെ ഒരു വീട്ടുകിണറ്റിൽ ആറു കാട്ടുപന്നികളെ ശനിയാഴ്ച കണ്ടെത്തിയത് ജനങ്ങളെ ഭയപ്പാടിലാക്കി. പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം മയക്കുവെടിവെച്ച് ഇവയെ സ്ഥലത്തുവെച്ചുതന്നെ കൊന്നൊടുക്കി.
ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 111 (ബി) നമ്പർപ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
അനുവദനീയമായ മാർഗങ്ങളിലൂടെ പരിചയസമ്പന്നരായ ഷൂട്ടർമാരെയാണ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനായി നിയോഗിക്കുന്നത്. തലശ്ശേരിയിൽ കുട്ടിമാക്കൂലിലെ അന്തോളിമലയിലാണ് കാട്ടുപന്നികളുടെ ശല്യമുള്ളതായി നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നഗരസഭ പരിധിയിൽ മികച്ച കൃഷിയോഗ്യമായ പ്രദേശമാണിത്. ഇവിടെയുള്ള കൃഷിയിടങ്ങൾ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചതായി കർഷകർ നഗരസഭയിലടക്കം പരാതിപ്പെട്ടിരുന്നു. ഇവിടെ ചിള്ളക്കര, ആറ്റുപുറം, പെരിങ്ങളം വയൽപ്രദേശങ്ങളിലാണ് കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചത്.
വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കുനേരെയും പന്നികളുടെ ആക്രമണമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ പന്നികളെ വെടിവെച്ച് കൊല്ലുന്നതിനായി പരിചയസമ്പന്നരായ ലൈസൻസുള്ള ഷൂട്ടർമാരെ നഗരസഭ ക്ഷണിച്ചിട്ടുണ്ട്. ചെയർമാന്റെ അധികാരത്തിൽ നഗരസഭ ആരോഗ്യ വിഭാഗമാണ് ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ ആറു കാട്ടുപന്നികളെയും വെടിവെച്ചുകൊന്നു. കുടക്കളത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപത്തെ കല്ലൻകണ്ടി മീനാക്ഷിയുടെ വീട്ടിലെ കിണറ്റിലാണ് ആറു കാട്ടുപന്നികളെ വീണ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഏഴരക്കാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണറ്റിൽ പന്നികളെ കണ്ടത്. വീട്ടുകാർ പഞ്ചായത്ത് അധികൃതരെയും വനം വകുപ്പുദ്യോസ്ഥരെയും വിവരമറിയിച്ചു. വീട്ടുമുറ്റത്തെ ചെറിയ ആൾമറയോടു കൂടിയ ആറു കോൽ ആഴമുള്ള കിണറ്റിലാണ് പന്നികൾ വീണത്.
കൊട്ടിയൂർ റേഞ്ചിലെ എം പാനൽ ഷൂട്ടർ സി.കെ. വിനോദ് എത്തിയാണ് പന്നികളെ വെടിവെച്ചുകൊന്നത്. കിണറ്റിൽനിന്ന് കുറച്ചുയർത്തിയ ശേഷം ഒന്നൊന്നായി പന്നികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. തലശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. കൊന്ന പന്നികളെ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് മണ്ണെണ്ണ ഒഴിച്ച് ദഹിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്നിശല്യം രൂക്ഷമാണ്.
അക്രമകാരികളായ പന്നികളെ വെടിവെച്ച് കൊല്ലാനാണ് തീരുമാനമെന്ന് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ പറഞ്ഞു. പന്നികൾ കൂട്ടത്തോടെ കിണറ്റിൽ വീണ വിവരം ഉടനെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.