തലശ്ശേരി: തലശ്ശേരി നഗരസഭ കൗൺസിലിൽ ഇത്തവണ ആധിപത്യം വനിതകൾക്ക്. നഗരസഭയിലെ 52 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും വനിതകളാണ്. വനിത ചെയർപേഴ്സൺ അധ്യക്ഷയായുള്ള പുതിയ കൗൺസിലിൽ 30 വനിതകൾ നാടിെൻറ സ്പന്ദനമറിയിക്കാൻ മുൻനിരയിലുണ്ടാകും.
ഇടതുമുന്നണിയുടെ കഴിഞ്ഞ രണ്ടു ഭരണകാലത്തുള്ളതിനേക്കാൾ വനിത പ്രാതിനിധ്യം ഇത്തവണ ഉയർന്നിട്ടുണ്ട്. അംഗങ്ങളിൽ കൂടുതലും ഇടതുപക്ഷക്കാരാണ്. ജനറൽ സീറ്റുകളിൽനിന്ന് ഉൾപ്പെടെ വനിതകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ നഗരസഭയിൽ വനിതകൾ 28 പേരായിരുന്നു. ആമിന മാളിയേക്കൽ ചെയർപേഴ്സണായുള്ള 2010-2015 കാലയളവിലെ കൗൺസിലിൽ വനിതകളുടെ എണ്ണം 27 ആയിരുന്നു.
പ്രതിപക്ഷ നിരയിൽ ബി.ജെ.പിക്കാണ് വനിതകളിലും ഇത്തവണ മുൻഗണന. ബി.ജെ.പിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ടുപേരിൽ അഞ്ചും വനിതകളാണ്. മുസ്ലിംലീഗിൽ നിന്നും കോൺഗ്രസിൽനിന്നും ഒാരോ വനിതകളുമുണ്ട്.
ഇടതുമുന്നണിയുടെ 23 വനിതകളിൽ തിരുവങ്ങാട് വാർഡിൽനിന്ന് തെരെഞ്ഞടുക്കെപ്പട്ട സി.പി.െഎ അംഗമൊഴിച്ച് ബാക്കിയുള്ളവരെല്ലാം സി.പി.എം പ്രവർത്തകരാണ്.
നഗരസഭ കൗൺസിലിൽ വനിത പ്രാതിനിധ്യം ഇത്രയും ഉയർന്നത് ഇതാദ്യമാണ്. ഇവരിൽ ഏറെയും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും പുതിയ കൗൺസിലിനുണ്ട്. അധ്യാപകർ, അഭിഭാഷകർ, ബാങ്ക് ജീവനക്കാർ ഉൾപ്പെടെയുള്ളവർ കൂട്ടത്തിലുണ്ട്.
തുടർച്ചയായി ആറാം തവണയാണ് നഗരസഭ ഭരണം ഇടതുമുന്നണിയുടെ കൈകളിലെത്തുന്നത്. പുന്നോൽ ഈസ്റ്റ് വാർഡിൽനിന്നുള്ള ജമുനറാണി ടീച്ചറാണ് പുതിയ അധ്യക്ഷ പദവിയിൽ പരിഗണനയിലുള്ളത്. 2010-2015 കാലയളവിൽ നഗരസഭാംഗമായിരുന്നു ഇവർ.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പെരിങ്കളം വാർഡിൽനിന്ന് ജയിച്ച സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വാഴയിൽ ശശിയെയും പരിഗണിക്കും. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തലശ്ശേരി ടൗൺഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.