തലശ്ശേരി: നഗരത്തിലെ പൈതൃക വീഥികളിൽ നടി റീമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. തലശ്ശേരി ഹെറിറ്റേജ് ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്മിറ്റിയും ചേർന്നാണ് സ്ത്രീകൾക്കായി രാത്രിനടത്തം സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ ഓവർബറീസ് ഫോളിയിൽ നിന്നാണ് നടത്തം തുടങ്ങിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, തലശ്ശേരി സബ് കലക്ടർ അനുകുമാരി എന്നിവരും നടത്തത്തിൽ പങ്കെടുത്തു. വാഹനത്തിൽ നിന്നുയർന്ന സംഗീതത്തിനൊത്ത് ആടിയും ചുവടുവെച്ചും നടത്തം സ്ത്രീകൾ ആഘോഷമാക്കി.
രാത്രി നഗരസൗന്ദര്യം ആസ്വദിച്ച് സ്ത്രീകൾക്കും സഞ്ചരിക്കാൻ സാധിക്കുമെന്ന കാമ്പയിനാണ് ഇതുവഴി തുടക്കമായത്. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, അഭിഭാഷകർ, ഡോക്ടർമാർ, സർക്കാർ-അർധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് സ്ത്രീകൾ നടത്തത്തിൽ പങ്കെടുത്തു. സ്റ്റേഡിയം കോർണർ, ഗുണ്ടർട്ട് റോഡ് കോട്ട പരിസരം, പഴയ ബസ് സ്റ്റാൻഡ്, ഒ.വി. റോഡ്, എൻ.സി.സി റോഡ്, ലോഗൻസ് റോഡ്, മെയിൻ റോഡ്, വാധ്യാർ പീടിക കവലയിൽനിന്ന് കസ്റ്റംസ് റോഡ്, പിയർ റോഡ് വഴി കടലോര നടപ്പാത റോഡിലൂടെ പോർട്ട് ഓഫിസ് പരിസരത്ത് നടത്തം സമാപിച്ചു.
നടത്തത്തിൽ പങ്കെടുത്തവർക്ക് തലശ്ശേരി കോട്ട, കടൽപാലം, പിക്ചർ സ്ട്രീറ്റ് തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ കാണാനായി. സമാപനാനന്തരം പോർട്ട് ഓഫിസ് പരിസരത്ത് ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നുമുണ്ടായി. വൻ ജനക്കൂട്ടമാണ് സംഗീതവിരുന്ന് ആസ്വാദിക്കാനെത്തിയത്.
തലശ്ശേരി: സ്ത്രീകളുടെ രാത്രി നടത്തത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിനിമ താരങ്ങളെ കാണാൻ ജനത്തിരക്ക്. ഓവർബറീസ് ഫോളിയിൽ രാത്രി നടത്തം ആരംഭിക്കുന്നതിനുമുമ്പേ താരങ്ങളെ നേരിൽ കാണാനുള്ള തിടുക്കമായിരുന്നു ജനത്തിന്. താരങ്ങളായ ടൊവിനോ തോമസ്, റീമ കല്ലിങ്കൽ എന്നിവരോടൊപ്പം സംവിധായകൻ ആഷിക് അബുവുമെത്തി. നീണ്ട കരഘോഷത്തോടെയാണ് ജനം താരങ്ങളെ വരവേറ്റത്.
നടത്തത്തിന് ഫ്ലാഗ് ഓഫ് നൽകിയതും ഇവരായിരുന്നു. എ.എൻ. ഷംസീർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കടൽപാലം പരിസരത്ത് നടന്ന സമാപന ചടങ്ങിൽ ജില്ല കലക്ടർ ആർ. ചന്ദ്രശേഖറും വിശിഷ്ടാതിഥിയായെത്തി. തലശ്ശേരിക്ക് മറക്കാനാവാത്ത ഒരു പരിപാടിയാണിതെന്ന് കലക്ടർ പറഞ്ഞു. തലശ്ശേരിക്ക് നല്ല ഓർമകൾ ഇനിയുമുണ്ടാകട്ടെയെന്ന് താരങ്ങളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.