തലശ്ശേരി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം കോഴിക്കോട്ട് പൊലീസ് പിടിയിലായി. തൃശൂർകയ്പമംഗലം സ്വദേശി നവേന്ദ്രനാഥനാണ് (39) പിടിയിലായത്. തലശ്ശേരിയിൽ നിന്നും മോഷ്ടിച്ച നാല് ഫോണുകൾ കോഴിക്കോട് മിഠായിതെരുവിനടുത്ത കടയിൽ വിൽക്കാൻ എത്തിച്ചപ്പോഴാണ് യുവാവ് പിടിയിലായത്.
കടയിലുള്ളവർ വിവരം നൽകിയതിനെ തുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ഫോണുകൾ തലശ്ശേരിയിൽ നിന്നും കവർന്നതാണെന്ന് പുറത്തുവന്നത്. നഗരത്തിലെ ഒരു ലോഡ്ജ്, താമസസ്ഥലം എന്നിവിടങ്ങളിൽ നിന്നാണ് അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ അപഹരിച്ചത്.
തലശ്ശേരിയിലെ ക്ലാസിക് ലോഡ്ജ് ജീവനക്കാരൻ കണ്ണൂർ ചിറക്കൽ കീരിയാട്ടെ ടി.പി. ഹൗസിൽ മുഹമ്മദ് ഫയാസിന്റെയും ഗുഡ്സ്ഷെഡ് റോഡിനടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളി പശ്ചിമ ബംഗാളിലെ ജോസഫ് ഒറിയോൻ, ഒപ്പം താമസിക്കുന്ന രണ്ട് കൂട്ടുകാർ ഉൾപെടെയുള്ളവരുടെ നാല് ഫോണുകളാണ് പ്രതിയിൽനിന്നും കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് തലശ്ശേരിയിൽ നിന്നും പൊലീസ് സംഘം കോഴിക്കോട്ടെത്തി പ്രതിയെ ഏറ്റുവാങ്ങി തലശ്ശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.