തലശ്ശേരിയിൽ കാപ്പ ചുമത്തി യുവാവ് അറസ്റ്റിൽ


തലശ്ശേരി: കാപ്പ ചുമത്തി തലശ്ശേരിയിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറക്കര ലോട്ടസ് ഓഡിറ്റോറിയം പരിസരത്തെ നടമ്മൽ ഹൗസിൽ ഷിജിൻ ബാബു എന്ന ജിനകനാണ് (28) അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് ജിനകനെന്ന് പൊലീസ് പറഞ്ഞു.

ചിന്നസേലത്തിനടുത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് തിരയുന്നത് മനസ്സിലാക്കിയ യുവാവ് നാട്ടിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. തമിഴ്നാട്ടിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം തലശ്ശേരിയിൽ മറ്റൊരാളെയും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ചിറക്കര ടി.സി മുക്കിലെ മാളിയേക്കൽ കുടുംബാംഗമായ മുഹമ്മദ് ഒനാസിനെയാണ് (35) കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലയിൽ കടക്കരുതെന്ന വ്യവസ്ഥയിലാണ് നാടുകടത്തിയത്.

സാമൂഹിക വിരുദ്ധ പ്രവർത്തനവും ക്വട്ടേഷൻ ആക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു. ജില്ലയിൽ 912 പേർ ഗുണ്ടാപട്ടികയിലുണ്ടെന്നാണ് വിവരം. തലശ്ശേരിയിൽ മാത്രം ഇതിൽപെട്ടവരുടെ എണ്ണം 60ഓളം ഉണ്ടെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.