തളിപ്പറമ്പ്: തളിപ്പറമ്പിൽ കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു. സമ്പൂർണ അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് നീട്ടിയേക്കും. പ്രദേശത്ത് ദിവസം കഴിയുന്തോറും സമ്പർക്ക വ്യാപനം രൂക്ഷമാവുകയാണ്. ഇവയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക ഉറവിടം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് വലിയ ആശങ്ക പരത്തുകയാണ്. ഗൃഹപ്രവേശന ചടങ്ങിൽനിന്നും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരും വ്യാപാരിയും സ്ഥാപന ജീവനക്കാരും ചായ കച്ചവടക്കാരനും മത്സ്യത്തൊഴിലാളിയുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
തളിപ്പറമ്പ് നഗരസഭക്ക് പുറമെ, പരിയാരം, കുറുമാത്തൂർ പഞ്ചായത്തുകളിൽ ഉള്ളവർക്കും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചിട്ടുണ്ട്. സമ്പർക്കവ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തളിപ്പറമ്പ് നഗരസഭ പരിധിയിൽ സമ്പൂർണ അടച്ചിടൽ തുടങ്ങിയത്. രോഗവ്യാപനം തടയുന്നതിനായിരുന്നു ഈ നടപടി. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തളിപ്പറമ്പിലെ അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് നീട്ടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഒപ്പം സമീപ പഞ്ചായത്തുകളും അടച്ചിടൽ ഭീഷണിയിലാവുകയാണ്.
തളിപ്പറമ്പ് നഗരസഭയിൽ ഒരു രാത്രി പൊടുന്നനെ അടച്ചിടൽ പ്രഖ്യാപിച്ചത് ചിലർക്കെല്ലാം ദുരിതമായിരുന്നു. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കരുതിവെക്കാത്തതാണ് ഇവർക്ക് വിഷമമായത്. ഇവിടത്തുകാർ സമീപ പഞ്ചായത്തുകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നത് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും ഭീഷണിയാവുകയാണ്. ആന്തൂർ പഞ്ചായത്തിെൻറ പ്രവേശന കവാടമായ ബക്കളത്തേക്കാണ് തളിപ്പറമ്പിൽനിന്നുള്ള കൂടുതൽ ആളുകളും സാധനത്തിനായി എത്തുന്നത്. ഇത് ഇവിടത്തെ കടകളിൽ തിരക്ക് വർധിക്കാൻ ഇടയാവുന്നു. ഇതും ഇവിടത്തുകാരുടെ നെഞ്ചിടിപ്പ് ഏറ്റുന്നു.
പഞ്ചായത്തുകളിലെ മിക്ക കടകളിലേക്കും സാധനങ്ങൾ മൊത്തമായി വാങ്ങുന്നത് തളിപ്പറമ്പ് നഗരത്തിൽനിന്നാണ്. തളിപ്പറമ്പിൽ കടകൾ അടച്ചതോടെ നാട്ടിൻപുറത്തെ കടകളിലും മിക്ക സാധനങ്ങളും തീർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.