കണ്ണൂര്‍: സ്കൂളിൽ പോവുകയായിരുന്ന 15കാരിയെ വാനിൽ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന പരാതി വ്യാജം. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി താൻ നുണ പറഞ്ഞതാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വാനിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വിദ്യാർഥിനി പറഞ്ഞതോടെ നാടാകെ ഭീതിയിലായിരുന്നു.
കറുത്തവാൻ നിർത്തിയശേഷം മുഖംമൂടി ധരിച്ച നാലുപേർ കൈയിൽപിടിച്ച് വണ്ടിയിൽ കയറ്റാൻ ശ്രമിച്ചതായും കുതറി ഓടിയതിനാലാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരുമെല്ലാം ഞെട്ടി. കുതറിമാറിയപ്പോൾ പരിസരത്ത്നിന്നും വളച്ചശേഷം വാൻ തിരിച്ചുപോയതായും മൊഴിയിൽ പറയുന്നു.
ഇതോടെ പൊലീസും സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വിയിൽ കറുത്ത വാനിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കക്കാട് കുഞ്ഞിപ്പള്ളി ഭാഗത്ത് വാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. നാട്ടുകാരും കറുത്തവാൻ തപ്പിയിറങ്ങി. നേരത്തെയും കക്കാട് സ്കൂൾ പരിസരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പലരും പറഞ്ഞതോടെ ആശങ്ക ഇരട്ടിയായി.
മുഖംമൂടി ധരിച്ച നാലുപേരാണു വാഹനത്തിലുണ്ടായിരുന്നതെന്ന കുട്ടിയുടെ പ്രാഥമിക മൊഴിയിൽ തന്നെ സംശയം തോന്നിയിരുന്നതായി കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാർ പറഞ്ഞു. ജനവാസകേന്ദ്രത്തിൽ നാലുപേർ മുഖംമൂടിയണിഞ്ഞ് സൗകര്യം കുറഞ്ഞ റോഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കഥയിൽ വൈരുധ്യമുള്ളതായി മനസ്സിലായി. എങ്കിലും കറുത്തവാൻ അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയി.
ടൗൺ സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം വെളിച്ചത്തായത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി നുണ പറഞ്ഞതാണെന്ന് കുട്ടി സമ്മതിച്ചു. അതിനിടെ ദൃശ്യങ്ങളിൽ പതിഞ്ഞ വാൻ സമീപത്തെ സ്കൂളിലേതാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ തട്ടിക്കൊണ്ടുപോകൽ നാടകത്തിന് അന്ത്യം. പൊലീസിനും നാട്ടുകാർക്കും ആശ്വാസം.
കനാൽ റോഡിലെ കടയുടെ ഭാഗത്തേക്ക് ഓടിമാറിയാണ് രക്ഷപ്പെട്ടതെന്നായിരുന്നു കുട്ടി പറഞ്ഞത്. കടയുടെ മതിലിനോടു ചേർന്ന് പെൺകുട്ടി നിൽക്കുന്നത് കണ്ടതായി കടയുടമ പറഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കാര്യം അപ്പോൾ കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട്, രക്ഷിതാക്കൾക്കും പൊലീസിനുമൊപ്പമെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി കുട്ടി പറഞ്ഞതെന്ന് കടയുടമ പറഞ്ഞു.
നേരത്തെയും കക്കാട് സ്കൂൾ ഭാഗത്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി കുട്ടികൾ പറഞ്ഞ കാര്യവും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. വഴിയിലൂടെ പോയ കുട്ടിയെ വണ്ടി ചെറുതായി തട്ടുകയാണ് ചെയ്തത്. ഈ സംഭവമാണ് തട്ടിക്കൊണ്ടുപോകലായി പ്രചരിച്ചത്.
സംഭവം അറിഞ്ഞയുടനെ കണ്ണൂർ സിറ്റി പൊലീസ് എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.