കണ്ണൂർ: രണ്ടര വർഷത്തിനു ശേഷം അഴീക്കൽ തുറമുഖത്തുനിന്ന് വീണ്ടും ചരക്കുകപ്പൽ സർവിസിന് വഴിയൊരുങ്ങുന്നു. കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ധാരണ. മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ് സർവിസ് നടത്താൻ താൽപര്യം അറിയിച്ചത്.
തുറമുഖത്ത് വൈകാതെ ആഴംകൂട്ടൽ ആരംഭിക്കുമെന്നും കണ്ടെയ്നർ ഗോഡൗൺ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ഉറപ്പ് നൽകി. സർവിസുകൾ കൃത്യമായ സമയക്രമം പാലിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.
ഷെഡ്യൂൾ നേരത്തേ നൽകുമെന്നും അതുപ്രകാരം സർവിസ് നടത്തുമെന്നും കപ്പൽ കമ്പനി പ്രതിനിധികൾ അറിയിച്ചു. രണ്ടരവർഷത്തിലേറെയായി അഴീക്കലിൽ ചരക്കുകപ്പൽ സർവിസ് മുടങ്ങിയിട്ട്. അഴീക്കലിലേക്ക് ചരക്ക് ഉണ്ടെങ്കിലും കപ്പൽ തിരിച്ചു കാലിയായി പോകേണ്ടതാണ് മുഖ്യപ്രതിസന്ധി.
വിദേശകപ്പലുകളടക്കം അടുക്കാനുള്ള ഐ.എസ്.പി.എസ് കോഡ് കഴിഞ്ഞ വർഷം അഴീക്കലിന് ലഭിച്ചിരുന്നു. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫിസ് തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. തുറമുഖത്തെ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്ന മുറക്ക് ഡ്രഡ്ജിങ്ങും ആരംഭിക്കും.
മാരിടൈം ബോർഡ് സി.ഇ.ഒ ഷൈൻ എ. ഹക്ക്, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ടി. ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എം.ഡി മായൻ മുഹമ്മദ്, ചേംബർ പ്രസിഡന്റ് രമേഷ് കുമാർ, സച്ചിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.