തലശ്ശേരി: പൊതുഗതാഗത മേഖലയിൽ മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.
പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രിയുടെ തീരുമാനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണിത്. ഗതാഗതയോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രാഥമിക നടപടികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.
പ്രാദേശികമായി മികച്ച ഗതാഗത സൗകര്യമുള്ളയിടങ്ങളിൽ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്തെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് പുതിയ പരിഷ്കാരവുമായി രംഗ ത്തെത്തിയതെന്ന് തലശ്ശേരി ജോയന്റ് ആർ.ടി.ഒ ഷാനവാസ് കരീം പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസോ, സ്വകാര്യ ബസുകളോ പുതിയ റൂട്ടുകളിലൂടെ സർവിസ് നടത്തും. ബസ് ഉടമകൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെയൊക്കെ അഭിപ്രായം തേടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ബസ് റൂട്ട് ഭാഗികമായതിനാൽ സാധാരണക്കാരായ ആളുകളാണ് ഏറെ കഷ്ടപ്പെടുന്നത്. ഇത്തരം പരാതികൾ വ്യാപകമാണ് ഇതുകൂടി കണക്കിലെടുത്താണ് മോട്ടോർ വാഹന വകുപ്പ് ഇതിന് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.