കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കുന്നതുമായി ബന്ധപ്പെട്ട പരിസ്ഥിതി പഠനം പൂർത്തിയായി. ഹൈകോടതിയുടെ നിർദേശ പ്രകാരം ഇന്ത്യയിലെ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനായ കിറ്റ്കോ ലിമിറ്റഡാണ് പഠനം നടത്തിയത്. തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഒമ്പതു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം-മൂന്ന്, പാപ്പിനിശ്ശേരി-രണ്ട്, മടക്കര മാട്ടൂൽ -രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിസ്ഥിതി പഠനം നടത്തിയത്. മണൽ വാരലുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നുണ്ടോ, മണൽ കഴുകലുമായി ബന്ധപ്പെട്ട് പുഴയിലെ വെള്ളത്തിന് പരിസ്ഥിതി പ്രശ്നം നേരിടുന്നുണ്ടോ തുടങ്ങിയ വിവിധ കാര്യങ്ങളാണ് കിറ്റ്കോ പരിശോധിച്ചത്.
2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് എട്ടു മാസം മുമ്പ് മണൽ വാരൽ നിർത്തിയത്. തുടർന്ന് തുറമുഖത്തോട് പരിസ്ഥിതി പഠന റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കിറ്റ്കോ നടത്തിയ പരിസ്ഥിതി പഠന റിപ്പോർട്ട് ഹൈകോടതി നിർദേശ പ്രകാരം കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി (കെ.സി.സെഡ്.എം.എ) പരിശോധിച്ചശേഷം അന്തിമ തീരുമാനമെടുക്കും. പഠന റിപ്പോർട്ട് വേഗത്തിൽ കെ.സി.സെഡ്.എം.എക്ക് കൈമാറി അനകൂല വിധി വാങ്ങി വേഗത്തിൽ മണലെടുപ്പ് ആരംഭിക്കാനുള്ള നീക്കത്തിനാണ് അഴീക്കൽ തുറമുഖം ശ്രമിക്കുന്നത്. പഠനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നും കണ്ടെത്തനായിട്ടില്ലെന്ന് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. എട്ടുമാസം കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.
മണൽ വാരൽ നിലച്ചതോടെ സർക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നിലച്ചത്. ഒരു മാസം ചുരുങ്ങിയത് ആറു കോടി രൂപ അഴീക്കൽ ഹാർബറിൽനിന്നു മണലെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് എത്തുമായിരുന്നു. കൂടാതെ ജില്ലയിലെ നിർമാണ മേഖലയും എട്ടുമാസമായി പ്രതിസന്ധിയിലായി. നിർമാണത്തിന് മംഗളൂരു, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഭീമമായ തുക നൽകിയാണ് ആവശ്യക്കാർ മണൽ വാങ്ങുന്നത്. അഴീക്കൽ തുറമുഖ കടവുകളിൽ മണലെടുപ്പ് പുനരാരംഭിക്കാൻ കഴിഞ്ഞാൽ ഇതിനു പരിഹാരമാകും.
ഹൈകോടതി നിരോധനം ഏർപ്പെടുത്തിയതോടെ വിവിധ കടവുകളിൽ ജോലി ചെയ്ത തൊഴിലാളികൾക്കും ജോലിയില്ലാതായിരുന്നു. മണൽ ശേഖരിക്കൽ, അരിച്ചെടുത്ത് കഴുകി ചളിനീക്കൽ, ലോറിയിലേക്ക് തലച്ചുമടായി നിറക്കൽ എന്നിവ അസം, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ചെയ്യുന്നത്. ഇതോടെ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടത്. കൂടാതെ രാത്രി മണൽ മാഫിയ സംഘങ്ങളുടെ മണൽ വാരലും തകൃതിയായി നടക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.