മാഹി: പാറക്കൽ ജി.എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ സ്കൂൾ അധികൃതരുടെ ഉത്തരവാദിത്തമില്ലാത്ത നടപടിയിൽ അഡ്മിനിസ്ട്രേഷന്റെ താക്കീത്. ബുധനാഴ്ച ഉച്ചയോടെയുണ്ടായ സംഭവത്തിൽ ജീവനക്കാരിയുടെ അശ്രദ്ധയും പ്രധാന അധ്യാപികയടക്കമുള്ളവരുടെ ഉത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസവകുപ്പ് മേലധികാരി, ബാലാവകാശ കമീഷൻ, ചൈൽഡ് ലൈൻ എന്നിവർക്ക് വീട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
സി.ഇ.ഒ ഉത്തമരാജ് മാഹി സ്കൂൾ പ്രധാന അധ്യാപികയേയും ജീവനക്കാരിയേയും ഓഫിസിൽ വിളിച്ചു വരുത്തി താക്കീത് നൽകുകയായിരുന്നു. സ്കൂൾ വിടുന്നതിന് തൊട്ടു മുമ്പ് ശുചിമുറിയിൽ പോയതായിരുന്നു ബാലിക.ഈ സമയം ശുചിമുറി വൃത്തിയാക്കുന്ന ജീവനക്കാരി കുട്ടി അകത്തുള്ളതറിയാതെ കതക് അടക്കുകയായിരുന്നു. ശുചി മുറി അടച്ചത് കണ്ട് പരിഭ്രമിച്ച കുട്ടി പേടിച്ച് നിലവിളിച്ചു.
ഏറെ നേരം കഴിഞ്ഞ് തൊട്ടടുത്ത ക്ലാസിലെ അധ്യാപിക കരച്ചിൽ കേട്ടു വന്ന് ശുചിമുറി തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു. എന്നാൽ, ഇക്കാര്യം കുട്ടിയെ കൂട്ടിക്കൊണ്ടു പോവാൻ വന്ന രക്ഷിതാക്കളെ അധികൃതർ അറിയിച്ചില്ല. വീട്ടിലെത്തി മകൾ ഭയപ്പെട്ട് നിൽക്കുന്നത് കണ്ട മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ ബന്ധുവായ കുട്ടി കാര്യം പറഞ്ഞത്. ഇക്കാര്യത്തെ പറ്റി അന്വേഷിക്കാൻ പല തവണ സ്കൂൾ അധ്യാപികയെ ഫോൺ ചെയ്തെങ്കിലും എടുക്കാനോ തിരിച്ചു വിളിക്കാനോ തയാറായില്ല. ഭയം വിട്ടുമാറാത്തതിനാൽ കുട്ടി വ്യാഴാഴ്ചയും സ്കൂളിൽ പോയിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.