പേരാവൂർ: കണിച്ചാറിൽ വിധവയായ ആദിവാസി സ്ത്രീയോട് ബാങ്ക് അധികൃതരുടെ ക്രൂരത. ബാങ്കിൽനിന്ന് വായ്പ എടുത്തത് തിരിച്ചടക്കാത്തതിന്റെ പേരിൽ കണിച്ചാറിലെ എം.സി. ഓമനയുടെ വീട് ബാങ്ക് അധികൃതർ ജപ്തി ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് വീട് ജപ്തി ചെയ്തത്. വനിത പൊലീസില്ലാതെ ഇവരെ വീട്ടിൽനിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടതായും ആക്ഷേപം ഉയർന്നു. തുടർന്ന് ഓമനയും കുടുംബവും വീട്ടിനുമുന്നിൽ പ്രതിഷേധിച്ചു.
വായ്പ തിരിച്ചടക്കാൻ കൂടുതൽ സാവകാശം ഓമന ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. ജപ്തി നടപടി കണിച്ചാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ജപ്തിയെ തുടർന്ന് അടച്ചിട്ട വീടിനുമുന്നിലാണ് ഓമന രാത്രി കഴിഞ്ഞത്.
രണ്ടുതവണകളായി എട്ടുലക്ഷം രൂപയുടെ വായ്പയാണ് ഓമന എടുത്തത്. ആദ്യം ലൈഫ് പദ്ധതി വഴി ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ നാലുലക്ഷം രൂപയുടെ വായ്പ എടുത്തു. രണ്ടാമത് അർബുദരോഗിയായ ഭർത്താവിനെ ചികിത്സിക്കാനുമായിരുന്നു.
രണ്ടുവർഷം മുമ്പ് ഭർത്താവ് മരിച്ചു. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് ഓമന വരുമാനം കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.