കണ്ണൂർ: കാൽടെക്സ് ജങ്ഷനിലെ പെട്രോൾ പമ്പിലേക്ക് നിയന്ത്രണംവിട്ട് പൊലീസ് ജീപ്പ് ഇടിച്ചുകയറി. പെട്രോൾ അടിച്ചുകൊണ്ടിരുന്ന കാറിൽ ഇടിച്ച ജീപ്പ് പമ്പിലെ ഇന്ധനം നിറക്കുന്ന മെഷീനും തകർത്തു.കാറിന് കേടുപാടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവരും പമ്പിലെ ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. കണ്ണൂർ എ.ആർ ക്യാമ്പിലെ ജീപ്പാണ് ജോയന്റ് പൊട്ടി നിയന്ത്രണംവിട്ട് പമ്പിലേക്ക് കയറിയത്. കലക്ടറേറ്റിന് മുൻവശത്ത് പൊലീസ് സ്ഥാപിച്ച ഡിവൈഡറിലിടിച്ച ശേഷമാണ് 200 മീറ്റർ ദൂരെയുള്ള പമ്പിലേക്ക് ഇടിച്ചുകയറിയത്. തകർന്ന ഡിവൈഡർ റോഡിലൂടെ അൽപദൂരം നിരക്കിയാണ് ജീപ്പ് പമ്പിൽ കയറിയത്.
ഡിവൈഡറിലിടിക്കുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് പമ്പിലെ ജീവനക്കാരൻ വിപിൻ പറഞ്ഞു. ഇന്ധനം നിറക്കുന്ന മെഷീൻ തകർന്നെങ്കിലും പെട്രോൾ ചോർച്ചയില്ലാത്തതും അപകടമൊഴിവായി. ഉടനെ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന ഇടിച്ച വാഹനങ്ങൾ മാറ്റിയ ശേഷമാണ് സ്ഥലത്തുനിന്ന് പോയത്. എ.ആർ ക്യാമ്പിലെ ഭക്ഷണശാലയിലേക്ക് മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് ജീപ്പ് അപകടത്തിൽപെട്ടത്.
അപകടമുണ്ടാക്കിയ ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. മോട്ടോർ വാഹന വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലം വിട്ടതായി പമ്പ് ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.