കണ്ണൂര്‍: വിഷം കഴിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയുടെ ജീവൻ രക്ഷിച്ചത് സിവിൽ പൊലീസ് ഓഫിസറുടെ ഇടപെടൽ. റെയിൽവേയിൽ സിവില്‍ പൊലീസ് ഓഫിസറായ പിണറായി സ്വദേശി നിഖില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടിക്കിടെ, യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ചോദ്യം ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
റെയില്‍വേ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനടുത്താണ് യുവതിയെ കണ്ടത്. കാര്യങ്ങൾ ചോദിച്ചപ്പോള്‍ വ്യക്തമായി ഉത്തരം നല്‍കിയില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോൾ ബേക്കൽ സ്വദേശിയായ യുവതി വിഷം കഴിച്ചതായി വെളിപ്പെടുത്തുകയായിരുന്നു.
മീൻമുറിക്കുന്നതിനെ ചൊല്ലി ഭർതൃവീട്ടിൽ വഴക്കുണ്ടാവുകയും തുടർന്ന് കെ.എസ്.ആര്.ടി.സി ബസ്സില്‍ കണ്ണൂരിലെത്തി റെയിൽവേ സ്റ്റേഷനിൽ വരുകയുമായിരുന്നു. ഇതിനിടെ കൈയിൽ കരുതിയ വിഷം കഴിക്കുകയും ചെയ്തു. അവശനിലയിലായ യുവതിയെ നിഖില്‍ ഉടൻ കണ്ണൂര്‍ ഗവ. ജില്ല ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോൾ വിഷം കഴിച്ചത് സ്ഥിരീകരിക്കുകയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ നിഖില്‍ യുവതിയുടെ ഫോണിൽ നിന്ന് സഹോദരന്റെ നമ്പർ കണ്ടെത്തി വീട്ടിൽ വിവരമറിയിച്ചു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും രാത്രി പത്തോടെ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.