കേളകം: ക്വാറി -ക്രഷർ ഉടമകളുടെ സമരം പിൻവലിച്ചതോടെ നിർമാണമേഖലയിൽ ഉണർവ്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽ ഒരാഴ്ച മുമ്പ് പ്രശ്ന പരിഹാരമായിട്ടും കണ്ണൂരിൽ ക്വാറി-ക്രഷർ ഉടമകളുടെ സമരം പിൻവലിക്കാതെ തുടർന്നതിനാൽ നിശ്ചലമായ നിർമാണമേഖലയാണ് വെള്ളിയാഴ്ച മുതൽ ഉണർന്നത്. നേരത്തേ വ്യവസായമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സംസ്ഥാനതലത്തിൽ സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ സമരം തുടരുകയായിരുന്നു. സമരം പിൻവലിച്ചതോടെ ജില്ലയിലെ ക്വാറികളിൽ നിർമാണ സാമഗ്രികൾക്കായി വെള്ളിയാഴ്ച രാവിലെ മുതൽ വാഹനങ്ങളുടെ തിരക്കായിരുന്നു.
മഴക്കാലം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെ ക്വാറിസമരം അനന്തമായി നീണ്ടതോടെ ജില്ലയിൽ നിർമാണമേഖല പൂർണമായി സ്തംഭിച്ചിരുന്നു. എംസാന്റ്, ജില്ലി, വലിയ കല്ലുകൾ എന്നിവ കിട്ടാതായതോടെ ദേശീയ പാതകളുടേതുൾപ്പെടെ നിർമാണം നിലച്ചിരുന്നു. ആയിരക്കണക്കിനാളുകൾക്ക് പണിയില്ലാതായതോടെ ക്വാറികൾക്കെതിരെ പ്രതിഷേധവുമായി തൊഴിലാളികളും നിർമാണമേഖലയിലെ കരാറുകാർ, ടിപ്പർ ലോറി ഉടമകൾ, തൊഴിലാളികൾ എന്നിവർ കഴിഞ്ഞ ദിവസം തെരുവിലിറങ്ങുകയും ചെയ്തിരുന്നു. നിർമാണമേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ക്വാറി ഉടമകൾക്കെതിരെ നടപടി മുന്നറിയിപ്പും സർക്കാർ നൽകിയതോടെയാണ് ചർച്ചയിലൂടെ പ്രശ്ന പരിഹാരമായത്. നിർമാണമേഖല നിശ്ചലമായതോടെ ഈ മേഖലയിൽ പണിയെടുക്കാനായി പുറത്തു നിന്നെത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ക്വാറി, ക്രഷർ വ്യവസായത്തെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം. പണിയില്ലാതെ വന്നതോടെ ഭൂരിഭാഗമാളുകളും നാട്ടിലേക്കു തിരിച്ചു. ഇവർ മടങ്ങിയെത്തുന്നുണ്ടെന്നും കരാറുകാർ പറഞ്ഞു. മഴക്കാലത്തിനകം പണി പൂർത്തിയാക്കാനായി റോഡുപണിക്കാർ പരക്കം പായുമ്പോഴാണ് ക്വാറിസമരം ഒരു മാസം നീണ്ടത്.
കല്ല് കിട്ടാനില്ലാതായതോടെ നിർത്തിവെച്ച പ്രവൃത്തികൾ പുനരാരംഭിക്കാനായി ക്വാറി ഉത്പന്നങ്ങൾ കരാറുകാർ എത്തിച്ച് തുടങ്ങി.
ത്രിതലപഞ്ചായത്ത് സംവിധാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കേണ്ട പ്രവൃത്തികൾ തിടുക്കപ്പെട്ടാണ് കരാറുകാർ തീർക്കാൻ ശ്രമിക്കുന്നത്. തടസ്സമില്ലാതെ മികച്ച രീതിയിൽ പ്രവൃത്തി നടത്താവുന്ന ഒരു മാസം നഷ്ടപ്പെട്ടെന്നാണ് പരാതി.
ക്വാറികളും ക്രഷറുകളും ഉണർന്നതോടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട കൊട്ടിയൂർ വയനാട് ചുരം പാതയുടെ അത്യാവശ്യ നിർമാണം ഉടൻ പൂർത്തിയാക്കാൻ നടപടിയായി. ഒരു മാസമായി നിർമാണം പാതിവഴിയിൽ മുടങ്ങിയ നീണ്ടു നോക്കി പാലത്തിന്റെയും നിർമാണം പുനരാരംഭിക്കാനായി.
ക്വാറി സമരം തീർന്നതിന്റെ ആശ്വാസത്തിലാണ് ആയിരക്കണക്കിന് ജനങ്ങൾ. പാതി വഴിയിൽ മുടങ്ങിയ വീടുകൾ, കടകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വിവിധ പദ്ധതികളുടെ ഭിത്തി നിർമാണം എന്നിവയുടെയെല്ലാം പ്രവർത്തനങ്ങൾ മഴയെത്തും മുമ്പ് പൂർത്തിയാക്കാനാണ് ഇനിയുള്ള ശ്രമം.
സർക്കാറിന്റെ പുതിയ ക്വാറി നയത്തിൽ തിരുത്തൽ ആവശ്യപ്പെട്ടായിരുന്നു ഏപ്രിൽ ഒന്നുമുതൽ ക്വാറികളിലും ക്രഷറുകളിലും ഉൽപാദനവും വിപണനവും നിർത്തിവെച്ചത്.
വില വർധനവിന്റെ കാര്യത്തിൽ കലക്ടറുടെ നിർദേശത്തിൽ അവ്യക്തതയുണ്ടെന്ന് ഉന്നയിച്ച് ക്വാറി സമരം കണ്ണൂരിൽ തുടർന്നിരുന്നു. വ്യാഴാഴ്ച രാത്രി എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ മുമ്പുണ്ടായിരുന്ന വിലയിൽ തിരുത്തൽ വരുത്തി നാല് രൂപ വിലവർധനയിലാണ് ക്വാറി ഉൽപന്നങ്ങൾ വിൽക്കാൻ തീരുമാനിച്ചത്.
ജില്ലയിലെ ഒറ്റപ്പെട്ട ചിലയിടങ്ങളിൽ ക്വാറികളിലെ വില സംബന്ധിച്ച് തർക്കങ്ങളുണ്ടായതിനാൽ ക്വാറികളിൽ വിൽപന തടയുകയും, അടച്ചിട്ടതും പ്രതിഷേധത്തിന് കാരണമായി. പ്രശ്നം വീണ്ടും അധികൃതരുടെ മുന്നിലെത്തിയതോടെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ കർശന നടപടിയുണ്ടാവുമെന്നും ബന്ധപ്പെട്ട ക്വാറികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.