കണ്ണൂർ: കുട്ടികളെ വെള്ളം കുടിപ്പിക്കാൻ സ്കൂളുകളിൽ ഇനി ഇടവിട്ട സമയങ്ങളിൽ 'വാട്ടർ ബെൽ'മുഴങ്ങും. കോവിഡിനെ തുടർന്ന് ദീർഘകാലം പൂട്ടിയിട്ട സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ വെള്ളം കുടിപ്പിക്കുന്നത് ശീലിപ്പിക്കാൻ പ്രത്യേക 'ജലമണി'മുഴക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. ഓൺലൈൻ പഠന വേളയിലും പ്രത്യേക ഇടവേള നൽകി കുട്ടികളെ വെള്ളം കുടിപ്പിക്കാൻ അധ്യാപകർ ശീലിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ പീഡിയാട്രിക് ആൻഡ് പ്രിവൻറിവ് ഡെന്റിസ്ട്രി വകുപ്പ് തലവൻ സി.പി. ഫൈസൽ സർക്കാറിനയച്ച കത്തിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം കൈക്കൊണ്ടത്. പ്രധാനമായും പ്രൈമറി വിദ്യാർഥികൾക്കായാണ് സ്കൂളുകളിൽ ആദ്യഘട്ടത്തിൽ ജലമണി മുഴങ്ങുക.
കുട്ടികളിൽ നിർജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ഈ സംവിധാനത്തിലൂടെ തടയിടാനാകുമെന്ന് ഡോ. ഫൈസൽ പൊതുവിദ്യാഭ്യാസ വകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വിദ്യാർഥി ഒരു ദിവസം ശരാശരി രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്നാണ് കണക്ക്. എന്നാൽ, സ്കൂളിലെത്തുേമ്പാൾ കുട്ടികളിൽ ഈ പതിവ് തെറ്റുകയാണ്. ഇതുനിമിത്തം വായിൽ ഉണ്ടാകുന്ന രോഗങ്ങൾ, മൂത്രാശയ -ഉദരസംബന്ധ രോഗങ്ങൾ, മലബന്ധം എന്നിവ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ വ്യാപകമാവുകയാണ്. സ്കൂളുകൾക്ക് പുറമെ ഡേ കെയറുകളിലും കുട്ടികൾ മതിയായ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രാവിലെ 11 മണി, ഉച്ച രണ്ട്, വൈകീട്ട് 3.30 എന്നീ സമയങ്ങളിൽ സ്കൂളുകളിൽ ജലമണി മുഴക്കണമെന്നാണ് ഡോക്ടറുടെ കത്തിലെ നിർദേശം.
ചെറിയ കുട്ടികളിൽ വായും പല്ലും കൃത്യമായി ശുചീകരിക്കാത്തതുമൂലം നിരവധി രോഗങ്ങളാണ് ഉടലെടുക്കുന്നത്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതോടെ, നിർജലീകരണത്തിനുപുറമെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഡോ. ഫൈസൽ പറയുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടി ഈ വർഷം ജനുവരിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അദ്ദേഹം കത്തയച്ചത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 'ജലമണി'സംവിധാനം ഏർപ്പെടുത്താൻ അതത് പ്രധ്യാനാധ്യാപകർക്ക് നിർദേശം നൽകുമെന്ന മറുപടി കത്ത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ചു.
ഇതുസംബന്ധിച്ച് പ്രത്യേക ഓർഡർ ഇറക്കുമെന്നും അദ്ദേഹത്തിന് ലഭിച്ച കത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. പദ്ധതി കൃത്യമായി നടപ്പിൽവരുത്താനുള്ള ചുമതല അതത് പ്രധാനാധ്യാപകർക്കായിരിക്കുമെന്നും ഡോക്ടർക്ക് ലഭിച്ച മറുപടിയിൽ സൂചിപ്പിക്കുന്നു. പ്രധാനാധ്യാപർക്ക് ലഭിച്ച നിർദേശത്തെ തുടർന്ന് ചില ഓൺലൈൻ ക്ലാസുകളിൽ പദ്ധതി ആരംഭിച്ചതായും ഡോ. ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.