പാനൂർ: സാമൂഹികാരോഗ്യ കേന്ദ്രം അസൗകര്യങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ദിവസേന കേന്ദ്രത്തിലെത്തുന്ന അഞ്ഞൂറിലധികം രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നതിന് അറുതിയാവാൻ ഇനിയുമെത്ര നാൾ കഴിയണം. താലൂക്ക് ആശുപത്രിയായി ഉയർത്തിയത് രേഖകളിൽ മാത്രം ഒതുങ്ങുന്നതിൽ നാണക്കേട് നാട്ടുകാർക്ക് മാത്രമാണ്.
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് മാറ്റി താലൂക്ക് ആശുപത്രി എന്നാക്കിയതല്ലാതെ ഇതുവരെ മറ്റൊന്നും നടന്നില്ല. ആശുപത്രിയുടെ ഓഫിസ് മുദ്രപോലും മാറ്റാൻ അധികൃതർ തയാറായിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രം എന്ന സീൽ താലൂക്ക് ആശുപത്രി എന്നാക്കാൻ അക്കൗണ്ടന്റ് ജനറൽ
വിസമ്മതം പ്രകടിപ്പിച്ചതിനാൽ മാറ്റാൻ കഴിയുന്നില്ലെന്നാണ് വിവരം. ഓഫിസ് മുദ്രപോലും മാറ്റാൻ കഴിയാത്തത് നാണക്കേടായിരിക്കുകയാണ്. 2015ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തി ഉത്തരവ് വന്നത്. എന്നാൽ, താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളൊന്നും ഇവിടെ ലഭ്യമല്ല. പേരിന് 11ഓളം ഡോക്ടർമാരുണ്ടെങ്കിലും മൂന്നോ, നാലോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ഒരു ദിവസം ലഭിക്കുന്നത്. ഇ.എൻ.ടിക്ക് മാത്രമാണ് വിദഗ്ധ ഡോക്ടറുള്ളത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രമാണെങ്കിലും രണ്ടു വിഭാഗങ്ങൾക്കും കാഷ്വാലിറ്റി ഇല്ല. ജനറൽ ഫിസിഷ്യനും നിലവിലില്ല. ഓപറേഷൻ തിയറ്ററും എക്സ്റേ യൂനിറ്റുമുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. 2020 സെപ്റ്റംബർ 12ന് ആശുപത്രിക്ക് അഞ്ഞൂറ് മീറ്ററിനുള്ളിൽ യുവതി വീട്ടിൽ പ്രസവിക്കുകയും ഭർത്താവ് ഹോസ്പിറ്റലിലെത്തി കേണപേക്ഷിച്ചിട്ടും പൊലീസും ഫയർഫോഴ്സും ഇടപെട്ടിട്ടും ഡോക്ടർ വീട്ടിൽപോയി പരിശോധിക്കാനോ നഴ്സിനെ അയക്കുവാനോ തയാറാവാത്തതിനെ തുടർന്ന് നവജാതശിശു മരിച്ചിരുന്നു.
ഇതിനെതുടർന്ന് കടുത്ത മനുഷ്യാവകാശ ലംഘനത്തിനും നീതിനിഷേധത്തിനുമെതിരെ മനുഷ്യാവകാശ കമീഷന് മുന്നിൽ പരാതി പോയിരുന്നു. കുറ്റക്കാർക്കെിരെ കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മനുഷ്യാവകാശ കമീഷൻ സംസ്ഥാന ആരോഗ്യ സെക്രട്ടറിയോട് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നെങ്കിലും താലൂക്ക് ആശുപത്രി എന്ന ബോർഡ് വെക്കുകയല്ലാതെ ഒരു പുരോഗതിയോ അടിസ്ഥാന സൗകര്യവികസനങ്ങളോ ഉണ്ടായില്ല.
ആരോഗ്യകേന്ദ്രം കൂടുതൽ സൗകര്യങ്ങളൊരുക്കി ടൗണിൽ തന്നെ മറ്റൊരിടത്തേക്കു മാറ്റാൻ സ്ഥലം എം.എൽ.എയായ മുൻ ആരോഗ്യ മന്ത്രി ശൈലജയുടെ നേതൃത്വത്തിൽ പൂക്കോം റോഡിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയിരുന്നു. കെട്ടിടം പണിയാൻ സർക്കാർ ഫണ്ടും അനുവദിച്ചു. എന്നാൽ, നിലവിൽ ഈ പദ്ധതിയും നിയമക്കുരുക്കിലാണെന്നറിയുന്നു.
സർക്കാർ അവഗണന കാണിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. താലൂക്ക് ആശുപത്രിയായി ഉയർത്തി എട്ടു വർഷമായിട്ടും
അടിസ്ഥാന സൗകര്യങ്ങളിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.