അഴീക്കോട്: നീർക്കടവിൽ ശക്തമായ തിരയടിച്ച് കയറിയതിനാല്‍ കരയിലെ ഏറെ സ്ഥലം കടലെടുത്തു. നീർക്കടവിലെ നാട്ടുകാരുടെയും അരയ സമാജത്തിന്റെയും നേതൃത്വത്തിൽ താല്‍ക്കാലിക സംരക്ഷണ ഭിത്തി ഒരുക്കിത്തുടങ്ങി. നീർക്കടവ് തീരവും കടലേറ്റ ഭീതിയിലാണ്. തീരദേശ റോഡ് തകർച്ചയെ നേരിടുന്നുണ്ട്. 750 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന നീർക്കടവ് ഏത് സമയവും കടൽ കവരുമെന്ന നിലയാണ്.
കടൽ ഭിത്തിയുണ്ടെങ്കിലും തോണി കടലിലിറക്കാനും കയറ്റാനുമുള്ള സൗകര്യത്തിന് രണ്ട് സ്ഥലത്ത് 10 മീറ്റർ നീളത്തിൽ ഭിത്തികെട്ടിയിട്ടില്ല. അതിലൊരിടത്താണ് കടൽ കരയിലേക്കടിച്ചു കയറിയത്. നീർക്കടവ് തീരം മുതൽ പള്ളിയാ മൂല പയ്യാമ്പലം വരെയുള്ള രണ്ട് കി.മീ ദൂരം തീരദേശ റോഡുണ്ട്. അതിൽ ഒരു ഭാഗത്താണ് കടലാക്രമണ ഭീഷണി. ഇനി വീണ്ടും കടലാക്രമണമുണ്ടായാല്‍ റോഡ് തകരാൻ സാധ്യതയുണ്ട്.
അതേ സ്ഥലത്തുണ്ടായിരുന്ന വൈദ്യുതിതൂൺ നാട്ടുകാർ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയതിനാൽ രാവിലെ തന്നെ വൈദ്യുതി വകുപ്പ് ജീവനക്കാർ മാറ്റിസ്ഥാപിച്ചു. അതിനാൽ വൻദുരന്തം ഒഴിവായി.
നീർക്കടവിന് സമീപത്ത് പടിഞ്ഞാറുഭാഗത്ത് അരയസമുദായത്തിന്റെ ശ്മശാശാന ഭൂമിയും കടലാക്രമണ ഭീഷണിയിലാണ്. സമീപത്തെ ജനങ്ങൾക്ക് കടലാക്രമണത്തിൽനിന്നും സംരക്ഷണം ഒരുക്കാനാണ് മൽസ്യത്തൊഴിലാളികൾ പൂഴിനിറച്ച ചാക്ക് ഉപയോഗിച്ച് താല്കാലിക സംരക്ഷണ ഭിത്തി ഒരുക്കുന്നതെന്നും ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണമെന്നും അരയസമുദായം പ്രസിഡന്റ് കെ. രതീശൻ പറഞ്ഞു.
ആദ്യകാല പരമ്പരാഗത മത്സ്യത്തൊഴിലാളി കുഞ്ഞിപ്പാണൻ, പ്രതാപൻ എന്നിവരും പ്രദേശത്തുണ്ട്. കെ.വി. സുമേഷ് എം.എൽ.എ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ഫിഷറീസ്, ഹാർബർ എൻജിനിയറിങ് വിഭാഗം അധികൃതർ കടലേറ്റമുള്ള നീർക്കടവ് തീരം സന്ദർശിച്ചു.
അഴീക്കോട്: കനത്ത മഴയും ശക്തമായ തിരയും കാരണമാണ് മണ്ണിടിഞ്ഞതെന്നും കനത്ത മണ്ണിടിച്ചൽ ഒഴിവാക്കാൻ നടപടി കൈക്കൊള്ളുമെന്നും കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. ഇക്കാര്യം ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെയും ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കൂടുതൽ അപകടങ്ങളുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി നാട്ടുകാരുടെയും അരയ സമുദായത്തിന്റെയും നേതൃത്വത്തിൽ തല്ക്കാലിക സംരക്ഷണ ഭിത്തി ഒരുക്കിയിട്ടുണ്ട്.
വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ.വി.സുമേഷ് എം.എൽ.എ. പറഞ്ഞു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.