എടക്കാട്: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽനിന്ന് 14അടിയോളം താഴെയുള്ള സർവിസ് റോഡിലേക്ക് ജീപ്പ് വീണു. സർവിസ് റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് നിയന്ത്രണം വിട്ട ജീപ്പ് പതിച്ചത്.
അപകടത്തിൽ ജീപ്പ് ഡ്രൈവർ റിനീഷ് (തൃശൂർ), കൂടെയുണ്ടായിരുന്ന ശ്രീജിത്ത്, ഓട്ടോയാത്രക്കാരി ക്ലാര തങ്കമണി (65) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചാല ബൈപാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എടക്കാട്ടെ പുതിയ അടിപ്പാതയുടെ സമീപത്ത് ചൊവ്വാഴ്ച ഉച്ച 12 നാണ് അപകടം. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. കണ്ണൂർ ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടന്നുവന്നപ്പോൾ സൈഡ് കൊടുക്കുന്നതിനിടെയാണ് ജീപ്പ് താഴേക്ക് പതിച്ചത്. മുഴപ്പിലങ്ങാടുനിന്നും രോഗിയായ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ പിറക് ഭാഗത്താണ് ജീപ്പ് വീണത്. ഓട്ടോറിക്ഷയുടെ എൻജിൻ ഓഫായി കുറച്ച് മുന്നോട്ടുനീങ്ങി നിൽക്കുകയായിരുന്നു.
ഓട്ടൊറിക്ഷ ഡ്രൈവർ പ്രവീൺ അത്ഭുതകരമായി രക്ഷപ്പെട്ടു. സർവിസ് റോഡിൽനിന്ന് പതിനാലടി ഉയരമുള്ള ദേശീയപാതയിൽ കൈവരി ഉൾപ്പെടെ പൂർത്തിയായിട്ടുണ്ടായിരുന്നില്ല.
കൈവരിക്കുള കമ്പി മാത്രമാണ് ഇട്ടിരുന്നത്. അടിപ്പാതയുടെ കിഴക്കുഭാഗത്തെ പണിയും തീർന്നിട്ടുണ്ടായിരുന്നില്ല. താഴെ അടിപ്പാതയോട് ചേർന്നുള്ള ഭിത്തിയുടെയും കിഴക്ക് ഭാഗം സർവിസ് റോഡിനോട് ചേർന്നുള്ള ഓവുചാലിന്റെയും ബാക്കി വന്ന നിർമാണം പൂർത്തിയാക്കുന്നതിന് കഴിഞ്ഞദിവസം സർവിസ് റോഡ് അടച്ചിരുന്നു.
ഇതേതുടർന്നാണ് ഇതുവഴി പോകുന്ന മുഴുവൻ വാഹനങ്ങളെയും പണിതീരാത്ത ദേശീയപാത വഴി കടത്തിവിട്ടത്. ദിശയറിയാൻ മാർഗമില്ലാത്ത റോഡിൽ അമിതവേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. ഇതും അപകടത്തിന് കാരണമാവുന്നു. അപകടവിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.