ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സംഘമെത്തി.
32 പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ് പാടാൻകവല ഫോറസ്റ്റ് സെക്ഷൻ ഓഫിസിലെത്തിയത്. പിന്നീട് നാല് ടീമുകളായി തിരിഞ്ഞാണ് വനമേഖലയിൽ പരിശോധന തുടങ്ങിയത്.
പത്തോളം ആനകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊട്ടിയൂർ, ആറളം, തളിപ്പറമ്പ് റേഞ്ചുകളിൽ നിന്നെത്തിയ സംഘം തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ഒരു കൊമ്പനാനയെയും ഒരു കുട്ടിയാനയേയുമാണ് സൗരവേലി പരിസരത്ത് കണ്ടതെന്ന് ഫോഴ്സ് വ്യക്തമാക്കി.
ഇവയെ തൂക്കുവേലിക്ക് പുറത്ത് എത്തിക്കുകയാണ് ലക്ഷ്യം. വരും ദിനങ്ങളിലും സംഘം വനത്തിൽ തുടർ തെരച്ചിൽ നടത്തി ആനകളെ കർണാടക വനത്തിലേക്ക് തുരത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.