കണ്ണൂർ: ആശങ്കയേറ്റി ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വൻ വർധന. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും ഇരട്ടിയിലധികമാണ് വർധന. ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ഊർജിതമാക്കി.
കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുന്ന നടപടികളും ബോധവത്കരണവുമാണ് പ്രധാനമായും നടത്തുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2022ൽ വെറും 10 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. 2023ൽ ഇത് 70 രോഗികളായി. ഈവർഷം ജൂൺ വരെ 250 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നിരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇത്രയും വർധന ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
മലിന ജലം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ വഴി പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. വൈറസ് പരത്തുന്ന ഒരു അസുഖമാണിത്. അസുഖബാധിതരായ രോഗികളുടെ മലത്തിൽ കൂടിയാണ് വൈറസ് പുറത്ത് വരുന്നത്. ഈ മലം ഏതെങ്കിലും സാഹചര്യത്തിൽ കുടിവെള്ളവുമായി കലരുമ്പോൾ ആ കുടിവെള്ളം തിളപ്പിക്കാതെ പാചകം ചെയ്യാനോ കുടിക്കാനോ ആയിട്ട് ഉപയോഗിക്കുന്നതുവഴി ആണ് വൈറസ് മറ്റു ആൾക്കാരുടെ ശരീരത്തിൽ കടക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 ദിവസം മുതൽ 42 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. പിന്നീട് ശരീരത്തിലെ ബിലിറുബിന്റെ അളവ് വർധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യുന്നു.
ഛർദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർധിക്കും. മഞ്ഞപ്പിത്തം കൂടുതൽ മാരകമാവുകയാണെങ്കിൽ അത് തലച്ചോറിനെ ബാധിക്കാം. കരളിനെയും ബാധിക്കാം. ഈ രണ്ട് കാരണങ്ങൾ കൊണ്ട് മരണം വരെ സംഭവിക്കാറുണ്ട്. ആയതിനാൽ മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
രോഗിക്ക് തുടർച്ചയായ വിശ്രമം അതുപോലെതന്നെ ധാരാളമായി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക എന്നിവയാണ് ആവശ്യം. വൈറൽ അസുഖം ആയതിനാൽ രോഗിയുടെ രോഗലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സയാണ് നൽകുന്നത്.
ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട്, (ജില്ല മെഡിക്കല്‍ ഓഫിസർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.