തിങ്കളാഴ്ച രാവിലെ വളപട്ടണം മന്ന കവലയിലുണ്ടായ വാഹനക്കുരുക്ക്
വളപട്ടണം: ഒരാഴ്ചയോളമായി കളരിവാതിക്കൽ റോഡ് നവീകരണത്തിനായി അടച്ചതോടെ വളപട്ടണം മന്ന കവല വൻ വാഹനക്കുരുക്കിൽ.
വാഹനങ്ങൾ തലങ്ങും വിലങ്ങും നിയന്ത്രണമില്ലാതെ കവല വഴി പോകാൻ ഏറെ പാടുപെടുന്നു. കണ്ണൂരിൽനിന്ന് തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങളും വളപട്ടണത്തുനിന്നും വരുന്ന വാഹനങ്ങളും കണ്ണൂരിലേക്കും വളപട്ടണത്തേക്കും പോകുന്ന വാഹനങ്ങളുമെല്ലാം ഈ കവലവഴിയാണ് കടന്നുപോകേണ്ടത്.
കഴിഞ്ഞദിവസം രാവിലെ 11ഓടെ വലിയ വാഹനക്കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്. ആംബുലൻസും ഗ്യാസ് ലോറികളും ഏറെസമയം കവലയിൽ കുടുങ്ങി. ഇവിടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പൊലീസ് സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.
കളരിവാതിക്കൽ റോഡ് മെക്കാഡം ചെയ്യാനായാണ് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്നത്. യാതൊരു നിർമാണ പ്രവൃത്തിയും നടത്താതെ റോഡ് അടച്ചതിൽ പരക്കെ ആക്ഷേപമുണ്ട്. മന്നയിലെ വാഹനക്കുരുക്ക് കാരണം ചില സമയങ്ങളിൽ വളപട്ടണം പാലം മുതൽ പുതിയതെരുവരെ കടുത്ത കുരുക്കാണ് അനുഭവപ്പെടുന്നത്.
രാവിലെയും വൈകീട്ടുമുണ്ടാകുന്ന കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് വാഹനയാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.