കണ്ണൂർ: ദിവസങ്ങളായി കനത്തമഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടിയത് യാത്രക്കാർക്ക് ദുരിതമായി. ശനിയാഴ്ച മംഗളൂരു-കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികൾ അഞ്ച് മണിക്കൂർവരെയാണ് വൈകി ഓടിയത്.
മഴ ശക്തമായതോടെ സിഗ്നൽ പ്രശ്നങ്ങളെ തുടർന്നും ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലുമാണ് െട്രയിനുകൾ വൈകിയത്. ഇതോടെ ലക്ഷ്യസ്ഥാനത്തെത്താൻ വൈകി ഉദ്യോഗസ്ഥരും വിദ്യാർഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി.
പുലർച്ച 12.37ന് കണ്ണൂരിലെത്തേണ്ടിയിരുന്ന മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാലര മണിക്കൂർ വൈകിയാണ് ഓടിയത്. 4.57ന് കണ്ണൂരിലെത്തേണ്ടിയിരുന്ന കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എത്തിയത് 6.41ന്. രണ്ട് മണിക്കൂറോളം വൈകി 8.08നാണ് കോഴിക്കോട് എത്തിയത്. 6.35ന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന നേത്രാവതി ഒരുമണിക്കൂർ വൈകി. ഒന്നരമണിക്കൂർ വൈകി 9.36നാണ് വണ്ടി കോഴിക്കോടെത്തിയത്. രാജധാനി അരമണിക്കൂറും വിവേക് എക്സ്പ്രസ് ഒരു മണിക്കൂറും വൈകി.
മംഗളൂരു സെൻട്രൽ സ്പെഷൽ െട്രയിൻ ഒരുമണിക്കൂറിലേറെ വൈകിയാണ് കാസർകോട് എത്തിയത്. മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഒരുമണിക്കൂർ വൈകി.
രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള മാവേലി ഒരുമണിക്കൂർ വൈകിയാണ് കണ്ണൂരിലെത്തിയത്. രാവിലെ 7.10ന് കോഴിക്കോടുനിന്ന് യാത്രതിരിക്കേണ്ടിയിരുന്ന മംഗളൂരു സെൻട്രൽ സ്പെഷൽ െട്രയിൻ നാല് മണിക്കൂറോളം വൈകിയാണ് കണ്ണൂരിലെത്തിയത്.
7.30ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് പോകേണ്ട മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രണ്ട് മണിക്കൂറോളം വൈകി. വരും ദിവസങ്ങളിലും െട്രയിനുകൾ വൈകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.