കണ്ണൂർ: ദേശീയപാത വികസന വുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ യാത്രക്കും സാധാരണ വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന പ്രദേശങ്ങളും കൃഷിയിടം നശിപ്പിക്കപ്പെടുന്ന സ്ഥലങ്ങളും പ്രത്യേക സംഘം പരിശോധിച്ചു. കെ. സുധാകരൻ എം.പിയുടെയും മേയർ ടി.ഒ. മോഹനന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം സന്ദർശിച്ചത്.
ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ. മീന, കണ്ണൂർ പ്രോജക്ട് ഡയറക്ടർ പുനീത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എം.പി, മേയർ തുടങ്ങി മറ്റ് ജനപ്രതിനിധികളോടും നാട്ടുകാരോടും ഒപ്പം പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
സ്ഥലം സന്ദർശിച്ചതിനുശേഷം ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെടുകയും അന്തിമ തീരുമാനത്തിലെത്തുന്നതിന് ഒരിക്കൽ കൂടി എം.പിയുടെയും മേയറുടെയും സാന്നിധ്യത്തിൽ യോഗം ചേരുന്നതിനും തീരുമാനിച്ചു.
ഊർപ്പഴശ്ശി കാവ്, ചാല തോട്, കുളം ബസാർ, എളയാവൂർ വയൽ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുമുള്ള ഊർപ്പഴശ്ശിക്കാവ് പ്രദേശത്ത് അടിപ്പാത നിർമിക്കണമെന്നതാണ് ഒരാവശ്യം. വിനോദസഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ബീച്ചിലേക്കും മറ്റുമുള്ള പ്രധാന വഴിയായ കുളംബസാറിൽ രണ്ടര മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വീതിയിലും മറ്റൊരു അടിപ്പാത നിർമിച്ചു ഗതാഗതം സുഗമമാക്കണം എന്നതാണ് മറ്റൊരാവശ്യം.
നിലവിൽ എഫ്.സി.ഐക്കു സമീപവും, എടക്കാട് റെയിൽവേ സ്റ്റേഷന് സമീപവും അടിപ്പാതയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഇത് യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാവില്ലെന്ന് സംഘത്തെ ബോധ്യപ്പെടുത്തി. ചാല ടൗണിൽ നിന്ന് ഈരാണി പാലത്തേക്കുള്ള ചാലത്തോടിന്റെ ഭൂരിഭാഗവും ഹൈവേ നിർമാണത്തിന് ഏറ്റെടുത്തത് മൂലം ഇവിടങ്ങളിൽ മൺസൂൺ കാലത്ത് വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്.
ഇത് പരിഹരിക്കുന്നതിന് കൃത്യമായ ഡ്രൈയ്നേജ് സംവിധാനം വേണമെന്നും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു പ്രധാന ആവശ്യം എളയാവൂർ വയലിൽ ഫ്ലൈ ഓവർ വേണമെന്നതാണ്. വലിയ കൃഷിനാശമാണ് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എളയാവൂർ വയലിൽ ഉണ്ടാകാൻ പോകുന്നത്. അവിടെ 500 ഏക്കറോളം വരുന്ന നെൽ കൃഷിയെ ദേശീയപാത നിർമാണം സാരമായി ബാധിക്കും.
അവിടെ നെൽവയൽ നികത്തി ദേശീയപാത നിർമാണം നടത്തുന്നതിന് പകരം എളയാവൂരിൽ നിന്ന് ചേലോറ വരെ നീളുന്ന ഫ്ലൈ ഓവർ നിർമിക്കണം എന്നുള്ളതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.