കണ്ണൂർ: തടവറയിൽനിന്ന് പ്രതീക്ഷയുടെ വസന്തം വിരിയുകയാണ്. കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമിയെ പോലുള്ളവർ വിരാജിക്കുന്ന ഇടമാണ് കണ്ണൂർ സെൻട്രൽ ജയിൽ. 'ട്രീ മ്യൂസിയം' യാഥാർഥ്യമാകുന്നതോടെ ഇവിടെ പുതിയൊരു പ്രഭാതം വിടരാതിരിക്കില്ല. തടവുകാരുടെ മനസ്സിൽ നന്മയുടെയും ശാന്തിയുടെയും ഹരിതാഭ നിറക്കാൻ ആഭ്യന്തരവകുപ്പിെൻറ നേതൃത്വത്തിൽ ജയിലുകളിൽ ട്രീ മ്യൂസിയം പദ്ധതിക്ക് തുടക്കമിട്ടത് കേരളപ്പിറവി ദിനത്തിലായിരുന്നു. താങ്ങാവുന്നതിലേറെ തടവുകാരെ കൊണ്ട് വീർപ്പുമുട്ടുന്ന കണ്ണൂർ ജയിലിൽ കുറ്റവാളികളെ തെളിഞ്ഞ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ട്രീ മ്യൂസിയം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജയിലിൽ ചപ്പാത്തിനിർമാണവും കോഴിക്കറി വിൽപനയും വിജയകരമായി മുന്നോട്ടുപോകുന്നതിനിടയിലും നെൽകൃഷിയുടെ വിളവെടുപ്പും യോഗ, സംഗീത ക്ലാസും സജീവമാണ്. കണ്ണൂർ ജയിലിനെ ഇന്ത്യയിലെ മറ്റു ജയിലുകളിലൊന്നുമില്ലാത്ത അപൂർവ ഇനം ഔഷധസസ്യങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും കലവറയാക്കി മാറ്റുകയെന്നതാണ് 'ട്രീ മ്യൂസിയം' പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇരുനൂറോളം അപൂർവസസ്യങ്ങളുടെ കലവറയായി മാറുന്ന ട്രീ മ്യൂസിയത്തിെൻറ കാവൽക്കാരും തടവുകാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ജയിലിൽ പെട്രോൾ പമ്പും ബ്യൂട്ടി പാർലറും തുടങ്ങി കുറച്ച് തടവുകാർക്ക് ജോലി ലഭിച്ച സാഹചര്യത്തിൽ ട്രീ മ്യൂസിയം മറ്റൊരു വരുമാനമാർഗമാകും. ഹരിതകേരളം മിഷെൻറ നേതൃത്വത്തിൽ ജയിൽവകുപ്പാണ് വിപുലമായ ട്രീ മ്യൂസിയം ഒരുക്കുന്നത്. ശലഭോദ്യാനം, കോക്കം തോട്ടം, ഊദ് തോട്ടം തുടങ്ങി നട്ടാൽ മുളയ്ക്കുന്ന എല്ലാ സസ്യജാലങ്ങളും െവച്ചുപിടിപ്പിക്കാനാണ് നീക്കം. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് ട്രീ മ്യൂസിയം ഒരുക്കുന്നത്.
കർപ്പൂരം, ഏക നായകം, കരിങ്ങാലി, പലകപ്പയ്യാനി, ചമത, രുദ്രാക്ഷം, അമ്പഴം, വന്നി, വേപ്പ്, അർബുദ നാശിനി, തിരുവട്ടക്കായ്, പാചോറ്റി തുടങ്ങിയവയാണ് പ്രധാന വൃക്ഷങ്ങൾ. കൊങ്കൺ മേഖലയിൽ മാത്രം കണ്ടുവരുന്ന കോക്കം മരങ്ങളുടെ തോട്ടവും ട്രീ മ്യൂസിയത്തിെൻറ ഭാഗമായി നട്ടുവളർത്തുന്നുണ്ട്. ഒടംപുളിയുടെ ജനുസ്സിൽപെട്ടതും മലബാർ മേഖലയിലെ മണ്ണിനും ചൂടുള്ള കാലാവസ്ഥക്കും വളരെ അനുയോജ്യമായതുമായ സുഗന്ധവൃക്ഷ വിളയാണിതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇനി ശലഭങ്ങളും പാറിക്കളിക്കും
ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ആകർഷിക്കുന്ന പരിസ്ഥിതി ഉണ്ടാക്കലാണ് ജയിലിലെ ശലഭോദ്യാന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മുട്ടയിടാൻ ശലഭങ്ങളെ ക്ഷണിക്കലും കൂടിയാണിത്. കറിവേപ്പും കിലുക്കി ചെടിയും നാരകവുമൊക്കെ നട്ടുപിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനും ഉതകുന്ന ജീവിതപരിസരം ഉണ്ടാക്കിയെടുക്കും. ചിത്രശലഭങ്ങളെ ആകർഷിക്കാനായി ശലഭോദ്യാനത്തിൽ അരിപ്പൂച്ചെടി നട്ടുപിടിപ്പിക്കും. തോട്ടത്തിലെത്തുന്ന പൂമ്പാറ്റകൾക്ക് മുട്ടയിടുന്നതിനും പുഴു ദശയിലും തുടർന്ന് പൂമ്പാറ്റയായും ജീവിക്കാനുള്ള ഭക്ഷ്യസസ്യങ്ങൾ തോട്ടത്തിൽ ലഭ്യമാക്കാനുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഹനുമാൻ കിരീടം, ചെമ്പരത്തി, കിലുക്കിച്ചെടി, വെള്ളില, പാണൽ, നാരകം, കൂവളം, കറുവ, കറിവേപ്പ്, മുള്ളിലം, കാട്ടുനാരകം, ആറ്റുതകര, നീർമാതളം, കാശാവ് എന്നിവയാണ് നടുക. കൂടാതെ ശലഭങ്ങളെ ആകർഷിക്കാൻ വിവിധ നിറങ്ങളിലുള്ള പൂച്ചെടികളും മ്യൂസിയത്തിൽ നടും.
പഴവർഗ തോട്ടങ്ങളും പദ്ധതിയിൽ
ട്രീ മ്യൂസിയം, ശലഭോദ്യാനം പദ്ധതികളിലൂടെ തടവുകാരുടെ മനസ്സ് ശുദ്ധീകരിക്കുന്നതോടെ ഇവരിൽ പലരും മാതൃകാ തടവുകാരായി മാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഹോർട്ടികോർപ്പുമായി സഹകരിച്ച് ജയിലിൽ പഴവർഗ തോട്ടങ്ങളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പിയുമായുള്ള യോഗം വ്യാഴാഴ്ച നടക്കും. ട്രീ മ്യൂസിയം കഴിഞ്ഞാൽ ഉടൻ ശലഭോദ്യാനം പദ്ധതി പൂർത്തിയാക്കും. തുടർന്ന് ജയിലിൽ പഴവർഗ തോട്ടങ്ങൾ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.