തളിപ്പറമ്പ്: 30 കോടി രൂപക്ക് വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്ന ആംബർഗ്രീസുമായി (തിമിംഗല ഛർദി) രണ്ടുപേരെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കോയിപ്ര സ്വദേശി കെ. ഇസ്മായിൽ, ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ കെ.എം. അബ്ദുൽ റഷീദ് എന്നിവരെയാണ് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറും തളിപ്പറമ്പ് റേഞ്ച് ഓഫിസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടയിൽ കോയിപ്രയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
സാധനം കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇവരിൽനിന്നു പിടിച്ചെടുത്ത ആംബർഗ്രീസിന് ഒമ്പത് കിലോഗ്രാം തൂക്കം വരും. ഇത് നിലമ്പൂർ സ്വദേശികൾക്ക് വിൽപന നടത്താൻ കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. 30 കോടി രൂപക്ക് വിൽപന നടത്താനായിരുന്നു ശ്രമമെന്ന് പ്രതികൾ പറഞ്ഞതായി അധികൃതർ വ്യക്തമാക്കി.
തിമിംഗല ഛർദി എന്ന നിലയിൽ നാട്ടിൽ അറിയപ്പെടുന്ന ആംബർഗ്രീസ് ഔഷധ നിർമാണത്തിനും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്നുണ്ട്.
സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധദ്രവ്യ വിപണിയിൽ ഇവക്ക് സ്വർണത്തേക്കാൾ വിലമതിക്കുന്നത്.
എണ്ണത്തിമിംഗലങ്ങളിലാണ് ഇവ ഉൽപാദിപ്പിക്കപ്പെടുന്നത്.
ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽപെട്ടതാണ് എണ്ണത്തിമിംഗലം. ഇവയുടെ ഏതെങ്കിലും ഉൽപന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, ആംബർഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ലെന്നും വേട്ടയാടപ്പെട്ട തിമിംഗലങ്ങളിൽനിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ലെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.
ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ വി. പ്രകാശൻ, തളിപ്പറമ്പ് റേഞ്ച് ഓഫിസർ വി. രതീശൻ, ഫ്ലൈയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. മധു, സി. പ്രദീപൻ, ലിയാണ്ടർ എഡ്വേർഡ്, പി.പി. സുബിൻ, കെ. ഷഹല, ഫ്ലൈയിങ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.