പാനൂർ: മാർക്സിസ്റ്റ് പാർട്ടിയുടെ അരുംകൊല രാഷ്ട്രീയത്തിനെതിരെയും പൊലീസിെൻറ പക്ഷപാത സമീപനത്തിനെതിരെയും കൂത്തുപറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നടന്ന യു.ഡി.എഫ് പ്രതിഷേധ സംഗമത്തിൽ ജനരോഷം ഇരമ്പി.
പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് എത്തിയത്. മൻസൂർ വധക്കേസിലെ യഥാർഥ പ്രതികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ യു.ഡി.എഫ് നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
അധികാരത്തിൽ വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യമേെറ്റടുക്കുന്നത് ഈ കേസായിരിക്കും. സമാധാനം നിലനിർത്തേണ്ട ഭരണകക്ഷി ആയുധം എടുക്കുന്ന നിഷ്ഠൂര കാഴ്ചയാണ് കാലങ്ങളായി നാട്ടിൽ കാണുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെ രക്തം കുടിച്ച് മതിയാകാത്ത പാർട്ടിയാണ് സി.പി.എം എന്നാണ് മൻസൂർ കൊലപാതകത്തിലെ റിമാൻഡ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ചമ്പൽ താഴ്വരയിലെ കൊള്ളക്കാരെ പോലെയാണ് സി.പി.എം പെരുമാറുന്നതെന്ന് യോഗത്തിൽ സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയം മണത്തതുകൊണ്ടാണ് സി.പി.എം കത്തിയും വാളും കൊണ്ടിറങ്ങിയത്. അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി സെക്രട്ടറി കെ.പി. സാജു അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ഷാഫി പറമ്പിൽ എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്ദുൽ ഖാദർ മൗലവി എന്നിവർ സംസാരിച്ചു. പി.കെ. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് നേതാക്കൾ കൊല്ലപ്പെട്ട മൻസൂറിെൻറ വീട് സന്ദർശിച്ചതിന് ശേഷമാണ് പ്രതിഷേധ സംഗമത്തിനെത്തിയത്.
കണ്ണൂർ: പാനൂരിൽ കൊലചെയ്യപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലക്ക് ഉത്തരവാദികളായ പ്രതികളെ കണ്ടെത്തുന്നതിന് രൂപവത്കരിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ മാറ്റണമെന്ന് യു.ഡി.എഫ് ജില്ല നേതാക്കൾ ജില്ല കലക്ടർ, സിറ്റി പൊലീസ് കമീഷണർ എന്നിവരെ നേരിൽകണ്ട് ആവശ്യപ്പെട്ടു.
കൃത്യമായ രാഷ്ട്രീയചായ്വ് പ്രകടിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയമിക്കുകവഴി തെളിവുകൾ നശിപ്പിക്കുന്നതിനും പ്രതികൾ ഒളിവിൽ പോകുന്നതിനും സാഹചര്യമൊരുക്കുമെന്ന് സംശയമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയോട് വ്യക്തമായ ആഭിമുഖ്യം പുലർത്തുന്ന ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചിട്ടുള്ളത്.
ഇവരിൽനിന്ന് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പ്രഗത്ഭർ അടങ്ങുന്ന അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് വാഹനത്തിലും പിന്നീട് ലോക്കപ്പിലും മർദിച്ച് പരിക്കേൽപിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജില്ല നേതാക്കളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, പി. കുഞ്ഞിമുഹമ്മദ്, സതീശൻ പാച്ചേനി, അഡ്വ. അബ്ദുൽ കരീം ചേലേരി, പി.ടി. മാത്യു, സി.എ. അജീർ എന്നിവരാണ് ജില്ല കലക്ടർ ടി.വി. സുഭാഷ്, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തിയത്.
പാനൂർ: പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിെൻറ മരണത്തെ രാഷ്ട്രീയ കാമ്പയിനായി മാറ്റാനാണ് യു.ഡി.എഫ് ശ്രമമെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ എലാങ്കോട്ടും പുത്തൂരുമായി രണ്ട് ലീഗുകാർ പിടിക്കപ്പെട്ടു. മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ലീഗ് നിക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തും.
തിങ്കളാഴ്ച ഉച്ച രണ്ടരക്ക് കടവത്തൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽപീടിക, അണിയാരം ബാവാച്ചി റോഡുവഴി വൈകീട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിൽ സമാപിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.കെ. പവിത്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല, രവീന്ദ്രൻ കുന്നോത്ത്, കെ.കെ. ബാലൻ, കെ.ടി. രാഗേഷ്, കെ. രാമചന്ദ്രൻ, ജ്യോത്സ്ന, കെ. മുകുന്ദൻ, എൻ. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.