കണ്ണൂർ: വേനൽമഴ ശക്തി പ്രാപിച്ച് കാലവർഷത്തിലേക്ക് നീങ്ങുകയാണ്. മഴയിൽനിന്ന് രക്ഷനേടാൻ ബഹുവർണങ്ങളിൽ വിപണിയിലുള്ള കുടകൾ തേടി കുട്ടികളും മുതിർന്നവരുമെത്തി തുടങ്ങി. മഴ കനക്കുമ്പോൾ അതിജീവനത്തിന്റെ കുടകൾ തുന്നുകയാണ് ഒരുകൂട്ടമാളുകൾ. ശാരീരികവും മാനസികവുമായ തടസങ്ങളിൽ തളരാതെ ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണവർ. സാമൂഹികമായി പിന്നാക്കാവസ്ഥയിൽനിന്ന് പൊരുതി ഉയരുകയാണ്. സാമൂഹിക നീതി വകുപ്പിന്റെയും ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹായത്തോടെ ജീവിതശീലയൊരുക്കുന്നവർക്കൊപ്പം നമുക്കും കുടയിൽ ചേർന്നുനിൽക്കാം.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ആറളം ഫാം പട്ടികവര്‍ഗ പുനരധിവാസ മേഖലയിലെ 40 ആദിവാസി വനിതകളുടെ നേതൃത്വത്തിലാണ് ആദി ബ്രാൻഡ് കുടകൾ നിർമിക്കുന്നത്. 10,000 കുടകളാണ് ഈ വർഷം വിപണിയിലെത്തുന്നത്. ബ്ലാക്ക് കുടക്ക് 410 രൂപയാണ് വില. കളറിന് 420 രൂപയാണ്. കളർ പ്രിന്റിന് 440 രൂപയും. കുട്ടികളുടെ കുടക്ക് 315 രൂപയുമാണ് വില. ആവശ്യക്കാർക്ക് ജില്ലയിലെ കുടുംബശ്രീ ഷോപ്പുകളിലും സി.ഡി.എസ് മുഖേനയും പഞ്ചായത്തുകളിൽ നിന്നും കുടകൾ സ്വന്തമാക്കാം. മഴക്കാലത്ത് പ്രതിസന്ധിയിലാകുന്ന കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
13 വർഷം മുമ്പ് വീടുപണിയുന്നതിനിടെ വീണ് പരിക്കേറ്റ് നട്ടെല്ല് പൊട്ടി അരക്ക് താഴെ ചലനശേഷി നഷ്ടമായി കിടപ്പിലും വീൽ ചെയറിലുമായ സുകുമാരന്റെ ഏക വരുമാന മാർഗം ഇന്ന് കുട വിൽപനയാണ്. സുകുമാരനും ഭാര്യ സപ്നയും ചേർന്നാണ് കുട നിർമിക്കുന്നത്.
സ്വപ്നയും രോഗിയാണ്. തലയിൽ മൂന്ന് ബ്ലോക്കും നട്ടെല്ല് തേയ്മാനവും കാരണം ജോലി ചെയ്യുന്നത് പ്രയാസമാണ്. ഇരുവരുടെയും ചികിത്സക്കായി അഴീക്കോടുള്ള വീട് വിറ്റ് ഇപ്പോൾ മേലെചൊവ്വയിൽ ബാങ്ക് വായ്പയെടുത്ത് വീടുവെച്ചു.
ബാങ്ക് വായ്പ അടച്ചു തീർക്കാനും തുടർചികിത്സക്കുമാണ് സുധാകരൻ കുട നിർമിച്ചുതുടങ്ങിയത്. കുടക്ക് പുറമെ പേപ്പർ പേനകളും ലിക്വിഡുകളും സുധാകരൻ നിർമിക്കുന്നുണ്ട്. 300-400 വരെയാണ് കുടകളുടെ വില. കിഡ്സ് കുടകൾ, വർണ കുടകൾ, നാനോ കുടകൾ, കാലൻ കുടകൾ എന്നിങ്ങനെ എല്ലാ തരത്തിലുള്ള കുടകളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.