കണ്ണൂർ: പ്രതിഷേധങ്ങൾ വകവെക്കാതെ നഗരത്തിലെ അനധികൃത തട്ടുകടകൾക്കും ബങ്കുകൾക്കുമെതിരെ നിലപാട് കടുപ്പിച്ച് കണ്ണൂർ കോർപറേഷൻ. വിവിധ മേഖലകളിലായി 18 അനധികൃത കച്ചവടങ്ങള്‍ ഇതുവരെ ഒഴിപ്പിച്ചു. തെരുവുകച്ചവടക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതും സർവേയില്‍ ഉള്‍പ്പെടാത്തതുമായ അനധികൃത കച്ചവടങ്ങള്‍ ദിനംപ്രതിയെന്നോണം ടൗണിലും പ്രാന്തപ്രദേശങ്ങളിലുമായി കൂടി വരുകയാണെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.
അനധികൃത കടകൾ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. നടപ്പാതകളും കൈയേറിയതിനാല്‍ കാല്‍നടപോലും സാധ്യമാകാതിരിക്കുന്ന സാഹചര്യമാണ്. തെരുവു കച്ചവടങ്ങള്‍, ബങ്കുകള്‍ എന്നിവ വലിയ തോതിലുള്ള ബിനാമി ഇടപാടായി നടക്കുന്നതായും കോർപറേഷൻ കണ്ടെത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും അനധികൃത തട്ടുകടകളും ബങ്കുകളും വ്യാപകമായതിനെത്തുടർന്ന് കോർപറേഷൻ ഭരണസമിതി യോഗത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ ആരോഗ്യ വിഭാഗത്തിനും റവന്യൂ വിഭാഗത്തിനും നിർദേശം നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ, അസിസ്റ്റന്റ് എൻജിനീയർ, റവന്യു ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡിനും രൂപം നൽകിയിരുന്നു.
പൊലീസ് സഹായത്തോടെ സ്ക്വാഡ് അനധികൃത ബങ്കുകളും തട്ടുകടകളും കയേറ്റങ്ങളും ഒഴിപ്പിക്കാനാണ് തീരുമാനം. കാലവർഷം ശക്തമായതോടെ നഗരത്തിൽ പലയിടത്തും വെള്ളം കയറിയതിനെത്തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നടപ്പാക്കിയിരുന്നില്ല. കോർപറേഷൻ ഒഴിപ്പിക്കലിനെതിരെ വ്യാപാരികളും സംഘടനകളും രംഗത്തെത്തിയിരുന്നു. അന്യായ ഒഴിപ്പിക്കൽ അവസാനിപ്പിക്കണമെന്നും അർഹതപ്പെട്ട എല്ലാ തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കണ്ണൂർ കോർപറേഷൻ ഓഫിസിലേക്ക് കഴിഞ്ഞയാഴ്ച മാർച്ച് നടത്തിയിരുന്നു.
നഗരത്തിന്റെ പലഭാഗങ്ങളിലും കൂണുകള്‍ പോലെയാണ് അനധികൃത കച്ചവടം പൊങ്ങിവരുന്നതെന്നും കോര്‍പറേഷനിലെ ലൈസന്‍സ് എടുത്ത് വലിയ വാടക നല്കി വരുന്ന കച്ചവടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോര്പറേഷന് പരിധിയില്‍ കടമുറിയില്‍ കച്ചവട ലൈസന്‍സുള്ള സി.ഐ.ടി.യു നേതാവിന് പോലും തെരുവോര കച്ചവടത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്. തെരുവോര കച്ചവടം നിമിത്തം കോര്‍പറേഷന്റെ സ്വന്തം കെട്ടിടത്തില്‍ പോലും കച്ചവടമില്ലാത്ത അവസ്ഥയുള്ളതിനാല്‍ ലേലം കൊണ്ട ആളുകള്‍ ഒഴിഞ്ഞുപോകുകയാണ്. പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ കോര്‍പറേഷനില്‍ ലഭിക്കുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഭക്ഷ്യവിഷബാധയുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ് കോര്പറേഷന് ഇത്തരത്തില്‍ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരുന്നത്. രണ്ടാഴ്ച മുന്നേ പത്രത്തില്‍ പരസ്യം നല്‍കിയാണ് സെക്രട്ടറി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനെ ദ്രോഹമായി കാണരുത്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരുവു കച്ചവടമേഖലകൾക്ക് ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകള്‍ തയ്യാറാക്കി നല്കി സംരക്ഷിക്കാന്‍ കോര്പറേഷന് തയ്യാറാണെന്നും മേയർ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ കോർപറേഷൻ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. അഭിഭാഷകരുടെ ഓഫിസുകൾക്കും മുനിസിപൽ ലൈസൻസ് നിർബന്ധമാണ്. 2020 വരെ ഓഫിസുകൾക്ക് ലൈസൻസ് ആവശ്യമായിരുന്നില്ല. എന്നാൽ, പിന്നീട് സർക്കാർ ഉത്തരവ് പ്രകാരം വാണിജ്യ ആവശ്യത്തിന് ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളും ലൈസൻസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 10 ദിവസത്തിനുള്ളിൽ ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും. അടുത്തമാസം ഒന്നു മുതൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ റവന്യൂ ഇൻസ്പെക്ടർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്താൻ കോർപറേഷൻ നിർദേശം നൽകും.
നഗരത്തിലെ ചില പെട്രോള്‍പമ്പുകളിലെ ശൗചാലയങ്ങള്‍ സ്ഥിരമായി പൂട്ടിയിടുന്നതായി വ്യാപക പരാതിയുണ്ട്. പെട്രോൾ പമ്പുകൾക്ക് കോർപറേഷൻ ലൈസൻസ് അനുവദിച്ചത് സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ശുചിമുറികൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്. കോർപറേഷൻ പരിധിയിലെ മുഴുവൻ പെട്രോൾ പമ്പുകളും പൊതുശൗചാലയങ്ങളുടെ ബോർഡ് റോഡിലൂടെ സഞ്ചരിക്കുന്നവർ കാണത്തക്ക വിധം സ്ഥാപിക്കണം. ഇല്ലാത്തപക്ഷം ഇത്തരം പമ്പുകൾക്കെതിരെയും കർശന നടപടിയെടുക്കാനാണ് കോർപറേഷൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.