കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ പുതിയ അടിപ്പാത നിർമാണത്തിന് അധികൃതര്‍ ഒടുവില്‍ അനുമതി നൽകി. ഇതോടെ കല്യാശ്ശേരിയിലെ ജനകീയ പ്രക്ഷോഭം ഫലം കണ്ടു. മൂന്നു മീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് കെ.വി റോഡിനു സമാനമായി നിർമിക്കുന്നതെന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണന് അറിയിച്ചു. ഇതിന് ദേശീയപാത അധികൃതര്‍ നടപടി തുടങ്ങി. കരാറുകാരെത്തി റോഡ് മാര്‍ക്ക് ചെയ്തു.
ഒരു പ്രദേശത്തെ ജനങ്ങൾക്ക് ആകെ ഗുണകരമാവുന്ന തീരുമാനമാണ് വൈകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുൻ കല്യാശ്ശേരി എം.എൽ.എയും കെ.സി.സി.പി.എൽ ചെയർമാനുമായ ടി.വി. രാജേഷ് എന്നിവരടങ്ങുന്ന ഉന്നത സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, എം. വിജിന് എം.എല്‍.എ, രാജ്യസഭ എം.പിമാര്‍, എന്നിവരും ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.
കല്യാശ്ശേരിയിൽ ടോൾ പ്ലാസ നിര്‍മാണവുമായി ബന്ധപ്പെട്ട് ഹാജി മൊട്ട ഇടിച്ചുനിരത്തി റോഡ് നവീകരിക്കുന്നതോടെ സമീപത്തെ 14ഓളം ഗ്രാമീണ റോഡുകള്‍ ഇല്ലാതാകുമെന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കല്യാശ്ശേരിയിലെ കെ.പി.ആർ ഗോപാലൻ മെമ്മോറിയൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാലയത്തിലേക്കുള്ള പോക്കുവരവും അടിപ്പാതയില്ലെങ്കില്‍ ദുരിതത്തിലാവും. ഇക്കാരണത്താലാണ് അടിപ്പാതയുടെ ആവശ്യം ശക്തമായി ഉന്നയിച്ചത്. ഈ ആവശ്യം അംഗീകരിക്കാൻ ജില്ല ഭരണകൂടം എൻ.എച്ച് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐ.ആർ.സി (ഇന്ത്യൻ റോഡ് കോൺഗ്രസ്) നിയമാവലിയുടെ നിബന്ധന പ്രകാരമാണ് ദേശീയപാത പ്രവൃത്തികൾ നടന്നുവരുന്നത്. പഴയ രജിസ്ട്രാർ ഓഫിസിന് സമീപത്തുകൂടി ബിക്കിരിയൻ പറമ്പ് ഭാഗത്തേക്കു പോകുന്ന പ്രദേശത്തെ നാട്ടുകാർ തുടക്കത്തിൽതന്നെ അവിടെ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ റോഡിന് സമീപമാണ് മുസ്ലിം പള്ളിയും ഖബർസ്ഥാനും സ്ഥിതി ചെയ്യുന്നത്. ഐ.ആർ.സിയുടെ നിബന്ധന പ്രകാരം ടോൾ പ്ലാസയുടെ 500 മീറ്റർ പരിധിയിൽ രണ്ട് അടിപ്പാത നിർമാണം അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ തീരുമാനം.
അതാണ് ഇപ്പോള്‍ അധികൃതര്‍ തിരുത്തിയത്. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി കല്യാശ്ശേരിയിലെ സി.ആർ.സി റോഡ് അടയുന്നതോടെ നാടിനെ രണ്ടായി കീറിമുറിക്കുന്ന നിലയിലാവും.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക്ക് അടക്കം നാലു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, ബാങ്ക്, കൃഷിഭവൻ, കണ്ണൂർ സർവകലാശാലയുടെ പഠന കേന്ദ്രം, ഐ.ടി. പാർക്ക്, കെ.എ.പി ക്യാമ്പ് എന്നിവിടങ്ങളിലേക്ക് പോയിവരാൻ പാകത്തിലുള്ള എളുപ്പ വഴിയാണ് എന്നന്നേക്കുമായി അടക്കുന്നതിന് ദേശീയപത അധികൃതര്‍ തുനിഞ്ഞത്.
യാത്രാപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കല്യാശ്ശേരി പഞ്ചായത്ത് ഭരണസമിതിയും നിവേദനം നല്‍കിയിരുന്നു. ഭരണസമിതി നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മയും വിദ്യാർഥികളുടെ സമരപ്രഖ്യാപനവും നടത്തിയിരുന്നു. അടിപ്പാത അനുവദിച്ചതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.