കണ്ണൂർ: കുട്ടികളെ അന്നമൂട്ടുന്ന സ്കൂൾ പാചകത്തൊഴിലാളികളുടെ പട്ടിണി തുടരുന്നു. രണ്ട് മാസമായി വേതനം ലഭിക്കാത്തതിനാൽ പ്രയാസത്തിലാണിവർ. ജോലിചെയ്ത വേതനത്തിനായി സമരരംഗത്തിറങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഏറെ പ്രതിഷേധത്തിനൊടുവിലാണ് ഡിസംബറിലെ പകുതി മാസത്തെ വേതനം കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇത് മുഴുവൻ പേർക്കും ലഭിച്ചിട്ടുമില്ല. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് പലരുടെയും കുടുംബം പുലരുന്നത്.
കൂലിവർധന, ക്ഷാമബത്ത തുടങ്ങി നൂറുകൂട്ടം പരാതികളുമായി തൊഴിലാളികൾ നവകേരള സദസ്സിലുമെത്തിയിരുന്നു. എന്നാൽ പരിഹാരമായില്ലെന്ന് ഇവർ പറയുന്നു. 500 കൂട്ടികൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് പാചകത്തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നത്. 250 പേർക്ക് ഒരാളെന്ന നിലയിലാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ രണ്ടും മൂന്നും പേരുണ്ടെങ്കിലും ഒരാളുടെ കൂലി വീതിച്ചെടുക്കേണ്ട ദുരവസ്ഥയാണ്.
പി.എഫ്, ഗ്രാറ്റ്വിറ്റി, ഇൻഷുറൻസ്, ചികിത്സാചെലവ് എന്നിവയൊന്നും സ്കൂൾ പാചകത്തൊഴിലാളികൾക്കില്ല. ഭക്ഷണം പാകംചെയത് കുട്ടികൾ കഴിച്ചാൽ മാത്രമാണ് അന്നത്തെ വേതനം ലഭിക്കുക. പാചകം തുടങ്ങി പഠിപ്പുമുടക്കോ ഹർത്താലോ പ്രഖ്യാപിച്ചാൽ അന്നത്തെ വേതനം ലഭിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു. വേനലവധിക്ക് രണ്ടുമാസം സ്കൂൾ അടച്ചാൽ ജോലിയില്ല. 2,000 രൂപമാത്രമാണ് സമാശ്വാസ ധനമായി നൽകുന്നത്.
ഓരോ ആറുമാസത്തിലും തൊഴിലാളികൾ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ആവശ്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാണ് പാചകത്തൊഴിലാളികളുടെ ആവശ്യം. വേതനം മുടങ്ങിയതിനെതിരെ സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എസ്.എം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഭിക്ഷാടന സമരം നടത്തി.
തൊഴിലാളികളിൽ മിക്കവരും പ്രായമുള്ളവർ. അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും. മരുന്നുവാങ്ങാനോ ഡോക്ടറെ കാണിക്കാനോ പണമില്ലാത്തയവസ്ഥ. ജില്ലയിൽ 1,600 ലേറെ സ്കൂൾ പാചകത്തൊഴിലാളികളാണ് ഉള്ളത്. 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം. ദിവസേന 600 മുതൽ 675 വരെ നിരക്കിലാണിത്. ആയിരത്തിലേറെ വിദ്യാർഥികളുള്ള ഹൈസ്കൂളുകളിലാണ് 670 രൂപ ലഭിക്കുന്നത്. ഏറെ സമരങ്ങൾക്കൊടുവിലാണ് നേരത്തേ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപ സർക്കാർ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.