കണ്ണൂർ: കോവിഡ് പ്രതിരോധ വാക്സിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ജില്ല കലക്ടറുടെ വിവാദ ഉത്തരവ് പിൻവലിച്ചേക്കും. ജനങ്ങൾക്കിടയിൽ ഏറെ ആശങ്ക സൃഷ്ടിച്ച ഉത്തരവ് നടപ്പാക്കില്ലെന്ന നിലപാടുമായി ദുരന്ത നിവാരണ സമിതി കോ ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ മുന്നോട്ടുവന്നു.
വാക്സിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രാവർത്തികമാകില്ലെന്നും അവർ പറഞ്ഞു. ചില പ്രദേശങ്ങളിൽ രോഗസ്ഥിരീകരണ നിരക്ക് കുറയാതെ തീവ്രവിഭാഗത്തിൽ തുടരുന്നതിനാൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അതിനെ തുടർന്നാണ് 28 മുതൽ വാക്സിനേഷന് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന് കലക്ടർ ഉത്തരവിറക്കിയത്. വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നായിരുന്നു ഉത്തരവ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന നിർദേശമാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായ ഉത്തരവായി ഇറങ്ങിയതെന്നും സൂചനയുണ്ട്.
കലക്ടറുടെ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കോവിഡ് പ്രതിരോധത്തിനടക്കം ജീവനക്കാരുടെ ദൗർലഭ്യം നേരിടുന്നതിനാൽ ആരോഗ്യ പ്രവർത്തകരും ഉത്തരവിൽ പ്രതിഷേധമറിയിച്ചിരുന്നു. തിങ്കളാഴ്ച ദുരന്തനിവാരണ സമിതി ചേർന്നെങ്കിലും കലക്ടർ തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുക്കാൻ പോയതിനാൽ ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഉത്തരവ് പിൻവലിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് യോഗത്തിൽ നിലപാടറിയിച്ചു.
സർക്കാർ തലത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ക്യാമ്പുള്ളൂ. വാക്സിനായി നെട്ടോട്ടമോടുന്ന ജനങ്ങളെ കോവിഡ് പരിശോധനക്കായി കൂട്ടത്തോെട സ്വകാര്യ ആശുപത്രികളിലേക്ക് നയിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ജില്ലയിലെ ജനപ്രതിനിധികളും പറയുന്നു. മതിയായ കൂടിയാലോചനകളില്ലാതെയാണ് ജനങ്ങളിൽ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനം കലക്ടർ എടുത്തതെന്ന് പരക്കെ ആരോപണമുയർന്നിരുന്നു. വാക്സിനെടുക്കുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള കൂടുതൽ സൗകര്യമൊരുക്കുമെന്നും രോഗബാധിതരായവർ വാക്സിനെടുത്താൽ അതിെൻറ പ്രയോജനം ലഭിക്കില്ലെന്നുമാണ് കലക്ടറുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.